തിരുവനന്തപുരം: ആരോഗ്യ രംഗത്ത് ഇന്ത്യക്കു തന്നെ മാതൃകയാണ് ‘രാജസ്ഥാൻ മോഡൽ’ എന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് . കോൺഗ്രസ് സർക്കാരിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ രാജസ്ഥാനെ ആരോഗ്യമേഖലയിൽ ഒന്നാമതെത്തിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, മികച്ച ആരോഗ്യ സംവിധാനത്തിന് പേരു കേട്ട കേരളം നിലവിലെ ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്താൽ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സർക്കാർ ആവിഷ്കരിച്ച ‘ ചിരഞ്ജീവി പദ്ധതി ‘ രാജസ്ഥാനിലെ ആരോഗ്യ മേഖലയെ മാറ്റിമറിച്ചതായി ഗലോട്ട് പറഞ്ഞു. ഈ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ പണമില്ലാതെയുള്ള (cashless) ചികിത്സയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നൽകുന്നുണ്ട്.
ബിപിഎൽ കുടുംബങ്ങൾക്കും ഇഡബ്ല്യുഎസ് കുടുംബങ്ങൾക്കുമായി അവതരിപ്പിക്കപ്പെട്ട ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണ് ചിരഞ്ജീവി പദ്ധതി. എല്ലാ സർക്കാർ ആശുപത്രികളിലും, അഫിലിയേറ്റ് ചെയ്ത സ്വകാര്യ ആശുപത്രികളിലും ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്തിന് പുറത്ത് ഡൽഹി എഐഐഎം അടക്കം 19 ആശുപത്രികളില്‍ ഈ സഹായം ലഭിക്കും. സംസ്ഥാനത്തിനകത്ത് 47 സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ട്. ബിപിഎൽ അല്ലാത്ത കുടുംബങ്ങൾക്ക് പ്രീമിയം അടയ്ക്കേണ്ടതുണ്ട്.
ഗുരുതരമായ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ഈ പദ്ധതി മോചിപ്പിച്ചതായി ഗെലോട്ട് പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ സമാനമായ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്യാൻസർ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി, വൃക്ക-കരൾ മാറ്റിവയ്ക്കൽ, ബോൺ മാരോ ട്രാൻസ്പ്ലാന്റ് തുടങ്ങിയ ചെലവേറിയ ചികിത്സകൾ ഈ പദ്ധതി പ്രകാരം പൂർണ്ണമായും സൗജന്യമായി നൽകുന്നു. സർക്കാർ ആശുപത്രികളിൽ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ഈ സേവനം പണമില്ലാതെ (cashless) ലഭ്യമാണ്. ഏകദേശം 5,000 കോടി രൂപയുടെ സൗജന്യ ചികിത്സ 50 ലക്ഷത്തോളം രോഗികൾക്ക് ഈ പദ്ധതി പ്രകാരം നൽകി കഴിഞ്ഞതായി ഗെലോട്ട് പറഞ്ഞു. ചികിത്സയ്‌ക്കൊപ്പം ആശുപത്രിയിൽ പ്രവേശിക്കുന്നതിന് 5 ദിവസം മുമ്പും ഡിസ്ചാർജ് കഴിഞ്ഞ് 15 ദിവസം വരെയുമുള്ള മരുന്നുകൾ സൗജന്യമായും ഈ പദ്ധതി പ്രകാരം ലഭ്യമാണ്. ഇത് ചികിത്സയുടെ തുടർച്ച ഉറപ്പാക്കുകയും രോഗികൾക്ക് അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.



