സഭയെ എല്ലാവരിലേക്കും എത്തിക്കുന്നതിനും നീതി, കാരുണ്യം, സമാധാനം എന്നിവയോടൊപ്പം സുവിശേഷം പ്രചരിപ്പിക്കുന്നതിനും അല്മായരുടെ സംഭാവനകളും സേവനവും സാക്ഷ്യവും അത്യന്താപേക്ഷിതമാണെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഏപ്രിൽ ഒന്നിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശന വേളയിൽ സംസാരിക്കുകയായിരുന്നു പാപ്പ.
“അല്മായരുടെ പ്രവർത്തനമണ്ഡലം സഭയ്ക്കുള്ളിൽ മാത്രം പരിമിതമല്ല, മറിച്ച് അത് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നു. ദൈവമക്കൾ എവിടെയൊക്കെ സുവിശേഷം പ്രഘോഷിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുവോ, അവിടെയെല്ലാം സഭയുടെ സാന്നിധ്യമുണ്ട്. തൊഴിലിടങ്ങളിലും സമൂഹത്തിലും എല്ലാ മാനുഷിക ബന്ധങ്ങളിലും, തങ്ങളുടെ തിരഞ്ഞെടുപ്പുകളിലൂടെ ക്രൈസ്തവ ജീവിതത്തിന്റെ സൗന്ദര്യം പ്രകടമാക്കാൻ അത്മായർക്ക് സാധിക്കണം. ദൈവരാജ്യത്തിൽ പൂർത്തിയാകാനിരിക്കുന്ന നീതിയുടെയും സമാധാനത്തിന്റെയും മുൻകൂർ അടയാളങ്ങളായിരിക്കണം ആ ജീവിതം”- പാപ്പ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, സമാധാനം വളർത്തുന്നതിൽ വിശ്വാസികൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും. രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സമാധാനത്തിന്റെ ഭാഷ സംസാരിക്കാൻ അത്മായർക്ക് കഴിയണമെന്നും പാപ്പ ആഹ്വാനം ചെയ്തു.



