ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെ പ്രതിരോധം ശക്തമാക്കി യു.എ.ഇ. ബുധനാഴ്ച വ്യോമ പ്രതിരോധ സംവിധാനം അഞ്ചു ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ച ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഫുജൈറയിലെ അൽ റിഫാ പ്രദേശത്തെ ഒരു ഫാമിൽ ഡ്രോൺ അവശിഷ്ടം വീണ് ബംഗ്ലാദേശ് സ്വദേശിക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഉമ്മുൽഖുവൈൻ എമിറേറ്റിലെ ഉമ്മുൽ ഥഊബ് ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം ഡ്രോൺ ചീളുകൾ പതിച്ച് ഒരു ഇന്ത്യൻ പ്രവാസിക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തോടെ യു.എ.ഇയിൽ പരിക്കേറ്റവരുടെ എണ്ണം കുറഞ്ഞത് 189 ആയി ഉയർന്നു.
ഖത്തറിന് നേരെ ബുധനാഴ്ച പുലർച്ചെ ഇറാന്റെ മിസൈൽ ആക്രമണം. ഇറാനിൽ നിന്ന് വിക്ഷേപിച്ച മൂന്ന് ക്രൂസ് മിസൈലുകളാണ് ഖത്തറിനെ ലക്ഷ്യമിട്ട് എത്തിയത്. ഒരു മിസൈൽ ഖത്തറിന്റെ പ്രാദേശിക ജലാതിർത്തിയിലെ ഓയിൽ ടാങ്കറിൽ പതിച്ചു. ഖത്തർ എനർജിയുടെ എണ്ണ ടാങ്കറായ അക്വാ വൺ കപ്പലിലാണ് മിസൈൽ പതിച്ചത്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ മറ്റ് പാരിസ്ഥിതിക ആഘാതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, മറ്റു രണ്ട് മിസൈൽ ആക്രമണങ്ങളെ സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റിയാദിനെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സേന വിജയകരമായി തകർത്തു. ബുധനാഴ്ച ഏതാനും മണിക്കൂറുകൾക്കുള്ളിൽ നാലു ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച എട്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി സൈന്യം തകർത്തിരുന്നു. ഇതിൽ ഏഴ് മിസൈലുകൾ റിയാദ് മേഖലയെ ലക്ഷ്യമിട്ടും ഒരെണ്ണം കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ടുമാണ് വന്നത്. ഇവയ്ക്ക് പുറമെ 12 ഡ്രോണുകളും ചൊവ്വാഴ്ച വിജയകരമായി വെടിവെച്ചിട്ടു.



