പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ-അമേരിക്ക യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എൽപിജി (LPG) ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇന്ധന ഇറക്കുമതി വൈവിധ്യവൽക്കരിക്കുന്നതിനും കർശന നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി (CCS) യോഗത്തിലാണ് പ്രധാനമന്ത്രി നിലവിലെ സാഹചര്യം അവലോകനം ചെയ്തത്.

യുദ്ധം ആഗോളതലത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ ഇന്ത്യയിലെ സാധാരണക്കാരെ അതിന്റെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വിവിധ രാജ്യങ്ങളിൽ നിന്ന് എൽപിജി, എൽഎൻജി (LNG) എന്നിവ എത്തിക്കുന്നതിനായി പുതിയ സ്രോതസ്സുകൾ കണ്ടെത്തുന്നുണ്ടെന്നും നിലവിൽ ആഭ്യന്തര വിപണിയിൽ എൽപിജി വിലയിൽ മാറ്റമില്ലെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.