കിഴക്കൻ ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടലിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂചലത്തിൽ ഒരാൾ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയത് കടുത്ത പരിഭ്രാന്തി പരത്തി. ഭൂകമ്പത്തെത്തുടർന്ന് നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 7:48-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫിലിപ്പീൻസ് തീരത്ത് നിന്ന് ഏകദേശം 580 കിലോമീറ്റർ തെക്കും മലേഷ്യയിലെ സബയിൽ നിന്ന് 1,000 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബിറ്റുംഗ് (Bitung), ടെർണേറ്റ് (Ternate) നഗരങ്ങളിൽ 10 മുതൽ 20 സെക്കൻഡ് വരെ നീണ്ടുനിന്ന ശക്തമായ വിറയൽ അനുഭവപ്പെട്ടു.



