ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ തുറകളിലുള്ളവർ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാതെ വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകില്ലെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

വിവിധ വിഭാഗങ്ങൾക്കിടയിലുള്ള ഭയാശങ്കകൾ കണക്കിലെടുത്ത് നിലവിലെ സാഹചര്യത്തിൽ ബില്ല് പാസാക്കരുതെന്ന് ബിജെപി കേരള ഘടകം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം ബുധനാഴ്ച വ്യക്തമാക്കി. പലരും എന്നെ വിളിച്ച് സംസാരിച്ചിരുന്നു, അവർക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകാൻ ഞാൻ ശ്രമിച്ചു. എന്നിട്ടും പലർക്കും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ സമയത്ത് ബില്ല് പാസാക്കരുതെന്ന് ഞങ്ങൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

അത്തരം ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ഈ ബില്ല് പാസാക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ സംശയങ്ങളും ദൂരീകരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്ത ശേഷം മാത്രമേ സർക്കാർ ഇനി ഈ വിഷയത്തിൽ നടപടികളുമായി മുന്നോട്ട് പോവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.