അമേരിക്കൻ ഭരണകൂടവുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, അമേരിക്കൻ ജനതയോട് നേരിട്ട് സംവദിച്ചുകൊണ്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്ത്. സാധാരണക്കാരായ അമേരിക്കക്കാരോട് ഇറാന് യാതൊരുവിധ ശത്രുതയുമില്ലെന്നും തൻ്റെ രാജ്യം ഒരു ഭീഷണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു. പ്രസ് ടിവി റിപ്പോർട്ട് ചെയ്ത ഈ അപൂർവ്വമായ തുറന്ന കത്തിൽ, ഭരണകൂടങ്ങളെയും പൗരന്മാരെയും രണ്ട് തട്ടിലായി കാണണമെന്നാണ് പെസഷ്കിയാൻ ആവശ്യപ്പെടുന്നത്.

ഇറാൻ സംഘർഷത്തിൽ അമേരിക്കയുടെ അടുത്ത ഘട്ടം വ്യക്തമാക്കിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പെസഷ്കിയാന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.