യേശു ശിഷ്യരോടൊപ്പം സെഹിയോന് ഊട്ടുശാലയില് പെസഹ ആചരിച്ചതിന്റെയും വിശുദ്ധ കുര്ബാന സ്ഥാപിച്ചതിന്റെയും അനുസ്മരണമാണ് പെസഹ. എളിമയുടെയും ലാളിത്യത്തിന്റെയും മാതൃകയായി യേശു ശിഷ്യരുടെ പാദങ്ങള് കഴുകി ചുംബിച്ചതിന്റെ ഒാർമ പുതുക്കി ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും നടക്കുന്നുണ്ട്.

പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ കാതോലിക്കാ ബാവ പ . ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാൽകഴുകൽ ശുശ്രൂഷ നടത്തും. അതിരമ്പുഴ സെന്റ്. മേരീസ് ഫൊറോന പള്ളിയില്‍ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി പെസഹാ തിരുക്കർമങ്ങള്‍ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും കാർമികത്വം വഹിക്കും.

കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില് ആര്ച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ടും ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആര്ച്ച്‌ബിഷപ് മാർ തോമസ് തറയിലും പെസഹാ തിരുക്കർമങ്ങൾക്കും കാല്കഴുകൽ ശുശ്രൂഷയ്ക്കും കാർമികത്വം വഹിക്കും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ സെന്റ് തോമസ് കത്തീഡ്രലിലും ബിഷപ് മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ കോട്ടയം വിമലഗരി കത്തീഡ്രലിലും പെസഹാ ശുശ്രൂഷകളിൽ കാർമികരാകും.

യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത വടവാതൂർ മാർ അപ്രേം പള്ളിയിൽ ഇന്നു പുലർച്ചെ പെസഹാ ശുശ്രൂഷയും ഉച്ചകഴിഞ്ഞു രണ്ടിനു കാല്കഴുകൽ ശുശ്രൂഷയും നടത്തും.