കുടുംബപ്രശ്നങ്ങളുടെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ദാമ്പത്യ ബന്ധത്തിലുണ്ടാകുന്ന തർക്കങ്ങളെ ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള പ്രേരണയായി കരുതാൻ കഴിയില്ലെന്നും ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വ്യക്തമാക്കി.
2019 നവംബറിൽ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത വ്യക്തിയുടെ ഭാര്യക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി നടപടി. നിസ്സാര കാര്യങ്ങളുടെ പേരിൽ മരുമകൾ വഴക്കിടാറുണ്ടെന്നും മകനെ അധിക്ഷേപിക്കാറുണ്ടെന്നും യുവാവിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. മുൻകൂട്ടി അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് പോകുന്നത് പതിവാക്കിയ മരുമകൾ മകനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് ആരോപിച്ചു. ഈ മാനസിക പീഡനങ്ങൾ സഹിക്കാതെയാണ് മകൻ ആത്മഹത്യ ചെയ്തതെന്ന പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കണമെങ്കിൽ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നതിലെ സാങ്കേതിക വശങ്ങൾ വിശദീകരിച്ചു. ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടു കൂടി ഒരു പ്രവർത്തി ചെയ്താൽ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുകയുള്ളൂ. ദാമ്പത്യ ജീവിതത്തിലെ സാധാരണ തർക്കങ്ങൾ, വഴക്കുകൾ, ദേഷ്യം പ്രകടിപ്പിക്കൽ എന്നിവയൊന്നും ഇതിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസുമാരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 306-ാം വകുപ്പും നിലവിൽ വന്ന ഭാരതീയ ന്യായ സംഹിതയിലെ 108-ാം വകുപ്പ് പ്രകാരവും ദമ്പതികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ ആത്മഹത്യാ പ്രേരണയുടെ പരിധിയിൽ ഉൾപ്പെടുത്താനാവില്ല. വേർപിരിഞ്ഞ് ജീവിക്കുന്നതോ ദാമ്പത്യ പൊരുത്തക്കേടുകളോ ആത്മഹത്യയ്ക്ക് കാരണമായാൽ പോലും അതിൽ പങ്കാളിയെ കുറ്റപ്പെടുത്താൻ സാധിക്കില്ല. യുവതിക്കെതിരെയുള്ള ആരോപണങ്ങൾ ക്രിമിനൽ വിചാരണ തുടരാൻ തക്കവണ്ണം ഗൗരവമുള്ളതല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി, അവർക്കെതിരെയുള്ള എല്ലാ നിയമനടപടികളും എഫ്ഐആറും റദ്ദാക്കി.



