2026-ലെ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ ആസ്ടെക്ക സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഔദ്യോഗികമായി തുറന്നു. സ്റ്റേഡിയം വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി നടന്ന പ്രത്യേക ചടങ്ങിൽ മൈതാനവും ഗാലറിയും ബിഷപ്പ് ഫ്രാൻസിസ്കോ ഹാവിയർ അസെറോ ആശീർവദിച്ചു.
ലോകകപ്പ് ചരിത്രത്തിൽ മൂന്ന് തവണ ഉദ്ഘാടന മത്സരങ്ങൾക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന അപൂർവ്വ നേട്ടം ഇതോടെ ആസ്ടെക്ക സ്റ്റേഡിയത്തിന് സ്വന്തമാകും. 1970-ലും 1986-ലും ലോകകപ്പിന് വേദിയായ ഇതേ മൈതാനത്തുവെച്ചാണ് പെലെയും മാറഡോണയും ലോകകിരീടങ്ങളിൽ മുത്തമിട്ടത്.
2024 മേയ് മുതൽ അടച്ചിട്ടിരുന്ന സ്റ്റേഡിയം ഏകദേശം രണ്ട് വർഷമെടുത്താണ് അത്യാധുനിക രീതിയിൽ നവീകരിച്ചത്. ഹൈബ്രിഡ് പിച്ച്, പുതിയ ലൈറ്റിംഗ് സംവിധാനങ്ങൾ, വിപുലീകരിച്ച സീറ്റിംഗ് കപ്പാസിറ്റി (87,500 പേർക്ക് ഇരിക്കാം), അത്യാധുനിക സൗണ്ട് സിസ്റ്റം എന്നിവ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ‘ബാനോർട്ടെ’ (Banorte) എന്ന് പുനർനാമകരണം ചെയ്യപ്പെട്ട സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും പങ്കെടുത്തു.
ജൂൺ 11-ന് നടക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. സ്റ്റേഡിയം തുറന്നതിന്റെ ഭാഗമായി മെക്സിക്കോയും പോർച്ചുഗലും തമ്മിൽ സൗഹൃദ മത്സരവും സംഘടിപ്പിച്ചിരുന്നു. കായിക മാമാങ്കത്തിന് മുന്നോടിയായി ദൈവാനുഗ്രഹം തേടി നടത്തിയ ആശീർവാദ കർമ്മം മെക്സിക്കൻ ജനതയ്ക്കും ഫുട്ബോൾ ആരാധകർക്കും വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.



