പനാജി: ഗോവയിലെ ബാഗ ബീച്ചിൽ പാരാസെയിലിംഗിനിടെ കയർ പൊട്ടി വിനോദസഞ്ചാരി കടലിൽ വീണു. വിനോദസഞ്ചാരിയുമായി പോയ പാരച്ചൂട്ടിനെ ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബോട്ടിൽ നിന്നും വിനോദസഞ്ചാരിയുമായി പാരച്ചൂട്ട് ഉയർന്നുപൊങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. കടലിൽ വീണ സഞ്ചാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. നിയന്ത്രണംവിട്ട പാരച്ചൂട്ട് പിന്നീട് കടലിൽ താഴ്ന്നു.
ഗോവയിൽ സാഹസികവിനോദങ്ങളിൽ പങ്കെടുക്കുന്ന സഞ്ചാരികൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ പല സാഹസിക ഇനങ്ങൾക്കും സർക്കാർ ഇതിനോടകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.



