മംഗളുരു: കേരള-കർണാടക അതിർത്തിക്കു സമീപം ദേശീയപാതയിലെ തൊക്കോട്ട് ഫ്ലൈ ഓവറിൽവച്ച് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നത് ആറംഗ സംഘം. കേരള രജിസ്ട്രേഷനുള്ള കാറിലാണ് കൊലയാളിസംഘമെത്തിയതെന്നും ഇതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞതായും അന്വേഷണസംഘം അറിയിച്ചു.
മംഗളൂരു കുദ്രോളി സ്വദേശിയായ ആരിഫ് ഹുസൈൻ എന്ന ടാബ്ലറ്റ് ആരിഫ് (42) ആണ് വെള്ളിയാഴ്ച പുലർച്ചെ ഫ്ലൈഓവറിനു മുകളിൽ വച്ചുണ്ടായ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആരിഫ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചു വീഴ്ത്തിയതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം ഫ്ലൈഓവറിനു മുകളിൽവച്ചായതിനാൽ യുവാവിന് ഓടി രക്ഷപ്പെടാൻപോലും കഴിഞ്ഞില്ല.
നിരവധി കേസുകളിൽ പ്രതിയായ ആരിഫ് മംഗളൂരു പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. നാലുവർഷം മുമ്പ് തൊപ്പി നൗഫൽ എന്നയാളിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
തൊപ്പി നൗഫലിനെ കഴിഞ്ഞ നവംബറിൽ ഉപ്പള റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സംഭവവും കൊലപാതകമാണെന്ന സംശയമുയർന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആരിഫിനു നേരെ ആക്രമണമുണ്ടായതെന്നാണ് സംശയം.
കൊലയാളികൾ സഞ്ചരിച്ചിരുന്ന കേരള രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ കർണാടകയിലെ വിട്ളയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇതിന്റെ ഉടമ മലയാളിയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിന് പ്രാദേശികമായി സഹായങ്ങൾ ചെയ്തുനൽകിയ ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയിൽ നേരിട്ടു പങ്കെടുത്തവർ ബംഗളൂരുവിലേക്കു കടന്നതായാണു സൂചന.



