കോട്ടയം: ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ബിജെപി ഗൂഢാലോചനയാണു കേന്ദ്ര സര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
സ്വസ്ഥമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍.
കേരളത്തിലടക്കം, പ്രത്യേകിച്ചു ക്രിസ്ത്യന്‍ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത്. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും വരിഞ്ഞുമുറുക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണു കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ഇതു ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അപ്പോള്‍ത്തന്നെ പാര്‍ലിമെന്റില്‍ തടസവാദം ഉന്നയിച്ചിരുന്നു.
വിദേശ സംഭാവന വാങ്ങുന്ന ഏത് സ്ഥാപനവും ഏതു സമയത്തും കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് ബില്ലില്‍ പറയുന്നത്. എന്തിന് വേണ്ടിയാണ്, ആരെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേദഗതി ബില്‍ കൊണ്ടു വന്നതെന്ന് കേരളത്തില്‍ വന്നു പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും വ്യക്തമാക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന കാര്യമായെടുക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് സമയത്ത്, സ്ഥാനാര്‍ഥി കൂടിയായ അദ്ദേഹത്തിന് അങ്ങനെയല്ലേ പറയാനാവു. രാജീവ് ചന്ദ്രശേഖറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഈ ബില്‍ പിന്‍വലിപ്പിക്കണമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.



