ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എട്ട് വിക്കറ്റിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4 ഓവറില്‍ 127ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 12.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 17 പന്തില്‍ 52 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. യശസ്വ ജയ്സ്വാള്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ വൈഭവ് – ജയ്സ്വാള്‍ സഖ്യം 75 റണ്‍സ് ചേര്‍ത്തിരുന്നു. 15 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ വൈഭവ് ഏഴാം ഓവറില്‍ മടങ്ങി. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ ധ്രുവ് ജുറല്‍ (18) നേരത്തെ മടങ്ങിയെങ്കിലും ജയസ്വാള്‍ – റിയാന്‍ പരാഗ് (14) സഖ്യം രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ചെന്നൈക്ക് വേണ്ടി അന്‍ഷൂല്‍ കാംബോജ് രണ്ട് വിക്കറ്റ് നേടി.
രാജസ്ഥാന്‍ റോയല്‍സിനു മിന്നും തുടക്കമാണ് 15കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി നല്‍കിയത്. വെറും 15 പന്തില്‍ താരം അര്‍ധ സെഞ്ച്വറി നേടിയാണ് രാജസ്ഥാന് തീപ്പൊരി തുടക്കം നല്‍കിയത്. 15 പന്തില്‍ 5 സിക്സും 4 ഫോറും സഹിതം വൈഭവ് 50ല്‍ എത്തി. 17 പന്തില്‍ 52 റണ്‍സുമായി താരം പുറത്താകുകയും ചെയ്തു. ഐപിഎല്ലില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും താരമെത്തി. 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ താരം തന്നെയായ യശസ്വി ജയ്സ്വാളാണ് പട്ടികയില്‍ ഒന്നാമന്‍. കെഎല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ 14 പന്തിലും 50ല്‍ എത്തി. സുനില്‍ നരെയ്ന്‍, യുസുഫ് പഠാന്‍, നിക്കോളാസ് പൂരാന്‍ എന്നിവരും വൈഭവ് മുന്‍പ് 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.
മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ ചെന്നൈക്ക് വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 74 റണ്‍സ് ചേര്‍ക്കുന്നതിനിടെ ചെന്നൈയ്ക്ക് 7 വിക്കറ്റുകള്‍ നഷ്ടമായി. 82ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും അവര്‍ക്ക് പോയി. 94ല്‍ ഒന്‍പതാം വിക്കറ്റും നിലംപൊത്തി. ജാമി ഓവര്‍ടന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തിലാണ് 127ല്‍ എത്തിയത്.



