പശ്ചിമേഷ്യയിൽ ഒന്നിലധികം മുന്നണികളിൽ ദീർഘകാല യുദ്ധം ലക്ഷ്യമിട്ട് ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി. പ്രാദേശികമായ ഒറ്റപ്പെടലും ആഗോള തലത്തിലെ വിമർശനങ്ങളും നിലനിൽക്കുമ്പോഴും സൈനിക നടപടികൾ വ്യാപിപ്പിക്കാനാണ് ഇസ്രായേല്‍ നീക്കം. 2026 മാർച്ച് 30, തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേല്‍ പാർലമെന്റ് 850 ബില്യൺ ഷെക്കൽ (ഏകദേശം 271 ബില്യൺ ഡോളർ) വരുന്ന ബജറ്റിന് അംഗീകാരം നൽകിയത്.
ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ബജറ്റാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ തുകയിൽ 46 ബില്യൺ ഡോളറിലധികം സൈനിക ആവശ്യങ്ങൾക്കായി നീക്കിവെച്ചു. ഇറാന് എതിരെയുള്ള ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ ഉൾപ്പെടെയുള്ള സൈനിക നടപടികൾ കണക്കിലെടുത്താണ് ഈ വർധന. 62 വോട്ടുകൾക്ക് ബജറ്റ് പാസ്സായതോടെ സർക്കാർ വീഴുമെന്ന ഭീഷണി ഒഴിവായെങ്കിലും പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. ‘രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച’ എന്നാണ് പ്രതിപക്ഷ നേതാവ് യെർ ലാപിഡ് ബജറ്റിനെ വിശേഷിപ്പിച്ചത്.
ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾ കേവലം പ്രതിരോധം മാത്രമല്ലെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമാണെന്നും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ പ്രൊഫസർ മുഹമ്മദ് ഇൽമസ്രിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ലബനാൻ, സിറിയ, ഫലസ്തീൻ പ്രദേശങ്ങൾ കൂടാതെ ഇറാന്റെ ആധിപത്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ബജറ്റിലെ വൻ വർധനവ് സൂചിപ്പിക്കുന്നത് ഇസ്രായേല്‍ യുദ്ധത്തിന്റെ അവസാനത്തിലല്ല, മറിച്ച് അതിന്റെ മധ്യത്തിലോ അല്ലെങ്കിൽ ഒരു വലിയ യുദ്ധത്തിന്റെ തുടക്കത്തിലോ ആണെന്നാണ്. ‘ഗ്രേറ്റർ ഇസ്രായേല്‍’ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സിറിയയിലും ലബനാനിലും ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നത്.
കാലാകാലങ്ങളായി അമേരിക്ക നൽകി വരുന്ന 3.8 ബില്യൺ ഡോളറിന്റെ വാർഷിക സൈനിക സഹായമാണ് ഇസ്രായേലിന്റെ കരുത്ത്. യുദ്ധസമയത്ത് ഈ തുക വർധിക്കാറുമുണ്ട്. എന്നാൽ അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇൽമസ്രി ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രായേല്‍ വിരുദ്ധ വികാരം വർധിക്കുന്നത് ഇസ്രായേലിനെ ആശങ്കയിലാക്കുന്നുണ്ട്. വരും വർഷങ്ങളിൽ അമേരിക്കയിൽ നിന്നുള്ള സഹായം കുറഞ്ഞേക്കാമെന്ന തിരിച്ചറിവിലാണ് ആഭ്യന്തരമായി ആയുധ നിർമ്മാണം വർധിപ്പിക്കാനും ബജറ്റ് വിഹിതം കൂട്ടാനും ഇസ്രായേല്‍ തീരുമാനിച്ചത്.
സൈനിക ചെലവ് വർധിപ്പിച്ചതോടെ മറ്റ് മന്ത്രാലയങ്ങളുടെ ബജറ്റിൽ മൂന്ന് ശതമാനം വെട്ടിക്കുറയ്ക്കൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സാധാരണ ജനങ്ങളെയും മധ്യവർഗത്തെയും സാരമായി ബാധിക്കും. അതേസമയം, തീവ്ര വലതുപക്ഷ പാർട്ടികളെയും സെറ്റിൽമെന്റുകളെയും തൃപ്തിപ്പെടുത്താനായി വലിയൊരു തുക നീക്കിവെച്ചതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ വികസനത്തിനായി 875 മില്യൺ ഡോളറാണ് ഇസ്രായേല്‍ അനുവദിച്ചിരിക്കുന്നത്.



