ചങ്ങനാശേരി: എഫ്‌സിആർഎ നിയമഭേദഗതിയിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നതു ബന്ധപ്പെട്ട സർക്കാർ അവ തിരുത്തുമെന്നു പ്രതീക്ഷിച്ചാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. അല്ലാതെ സർക്കാരിനെ എതിർപക്ഷത്തു നിർത്താനല്ല.
കേരളത്തിലെ എംപിമാരുമായി സംസാരിക്കാൻ ഇടയായി. തെരഞ്ഞെടുപ്പ് മൂലം അവരാരും പാർലമെന്‍റിൽ ഇല്ല. എങ്കിലും മറ്റ് എംപിമാർ വഴി ആശങ്കകൾ പാർലമെന്‍റിൽ ഉന്നയിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബിൽ അവതരിപ്പിച്ചതേയുള്ളൂ. ചർച്ചയും വോട്ടെടുപ്പും ഒക്കെ വരുന്നതേയുള്ളൂ. തീർച്ചയായിട്ടും ഇതിലെ ജനാധിപത്യ വിരുദ്ധമായ ഘടകങ്ങൾ ചർച്ചയാകുമെന്നാണ് കരുതുന്നത്.
സഭയും സമൂഹവും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോൾ, അതിനെ കേരളത്തിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ചില പാർട്ടികൾക്കുള്ള രാഷ്‌ട്രീയ പിന്തുണയായും ചിലരോടുള്ള സഭയുടെ എതിർപ്പായും വ്യാഖാനിച്ചു ചില മാധ്യമങ്ങൾ റിപ്പോർട്ടിംഗ് നടത്തുന്നത് അനുചിതമാണെന്നു പറയാതെ വയ്യ.
യുക്തമായ വിലയിരുത്തൽ നടത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ സഭാംഗങ്ങൾക്കു പ്രാപ്തിയുള്ളതിനാൽ തന്നെയാണ് രാഷ്‌ട്രീയ നിലപാട് സഭ പ്രഖ്യാപിക്കാത്തത്. സഭയെ രാഷ്‌ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ സർക്കാർ നടപടി എടുത്തിട്ടുണ്ട്. നിയമനങ്ങളൊക്കെ കുറെ പാസായി വരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. സഭയുടെ ഒരു ദൗത്യം എപ്പോഴും മനഃസാക്ഷി രൂപീകരണത്തിലാണ്. ശരിയായ രീതിയിൽ തീരുമാനമെടുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്നുള്ള രീതിയിലുള്ള ഒരു വിശ്വാസ പരിശീലനവും മനഃസാക്ഷി രൂപീകരണവുമാണ് സഭ കൊടുക്കുന്നത്. തീർച്ചയായും അവർക്കതു വിലയിരുത്താനാകും. – മാർ തോമസ് തറയിൽ പറഞ്ഞു.



