കൊച്ചി: കൊച്ചി കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ ലഹരി വേട്ടയില്‍ പോലീസില്‍ നിന്നും വിവരങ്ങള്‍ തേടി കസ്റ്റംസ്. മുഖ്യപ്രതിയായ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ ഷോണിന്റെ പണമിടപാടുകള്‍ സംബന്ധിച്ച് പരിശോധന ആരംഭിച്ചു. ലഹരി വിദേശത്തു നിന്നും എത്തിച്ചതാണെന്ന വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസിന്റെ നീക്കം.
ഷോണ്‍ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. നെഫ്രിറ്റിറ്റി ക്രൂയിസിലെ പാര്‍ട്ടിക്ക് ശേഷം ഹോട്ടലില്‍ ആഫ്റ്റര്‍ പാര്‍ട്ടിക്കായി മുറിയെടുത്തവരാണ് പോലീസിന്റെ പരിശോധനയില്‍ കുടുങ്ങിയത്. ക്രൂയിസ് പാര്‍ട്ടിയില്‍ ആരെല്ലാം പങ്കെടുത്തു എന്നതടക്കം പോലീസ് അന്വേഷിച്ചുവരുകയാണ്.
ദാദ എന്ന പേരിലായിരുന്നു ശംഖുമുഖം സ്വദേശിയായ ഷാജി ഫെര്‍ണാണ്ടോ എന്ന ഷോണ്‍ ലഹരി സംഘങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഷോണും സംഘവും നടത്തിയ പാര്‍ട്ടികളുടെ എണ്ണവും കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ എട്ടു വരെയുള്ള പാര്‍ട്ടികളാണ് ഇവര്‍ നടത്തിയിരുന്നത്. ഡിജെ പാര്‍ട്ടികള്‍ക്ക് ശേഷം ആഫ്റ്റര്‍ പാര്‍ട്ടിയാണ് ഇവര്‍ നടത്തിക്കൊണ്ടിരുന്നത്.
ഞായറാഴ്ച നടന്ന ലഹരിവേട്ടയില്‍ കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ്, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷ്യനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവുത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവിയേഷന്‍ വിദ്യാര്‍ഥിയായ അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.
ഇവര്‍ സ്ഥിരമായി ഹോട്ടലില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ന്‍, 0.36 ഗ്രാം മെത്താഫിറ്റമിന്‍, 0.44 ഗ്രാം മയക്കുമരുന്ന് ഗുളിക എന്നിവയാണ് ഹോട്ടലില്‍ നടന്ന പരിശോധനയില്‍ കണ്ടെടുത്തത്.



