ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ ബ്ലൂ നൈൽ സംസ്ഥാനത്ത് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നടത്തിയ പുതിയ സൈനിക നീക്കങ്ങൾ വലിയൊരു മാനുഷിക പ്രതിസന്ധിക്ക് കാരണമായി. ഏകദേശം 3,000-ത്തോളം പേർക്ക് തങ്ങളുടെ ഗ്രാമങ്ങളിൽ നിന്ന് ജീവരക്ഷാർഥം പലായനം ചെയ്യേണ്ടി വന്നതായി സുഡാൻ ഡോക്ടേഴ്സ് യൂണിയൻ റിപ്പോർട്ട് ചെയ്തു.
കനത്ത ഏറ്റുമുട്ടലുകൾക്ക് ശേഷം ആർഎസ്‌എഫ് ബ്ലൂ നൈൽ സംസ്ഥാനത്തെ അൽ-കുർമുക് പട്ടണത്തിലേക്ക് ഇരച്ചുകയറിയതായും ആരോഗ്യ സൗകര്യങ്ങൾ കൊള്ളയടിച്ചതായും പട്ടണത്തിലെ പ്രധാന ആശുപത്രി നശിപ്പിച്ചതായും സ്വസുഡാൻ ഡോക്ടേഴ്സ് യൂണിയൻ പറഞ്ഞു. റെയ്ഡിനിടെ മെഡിക്കൽ ഉപകരണങ്ങളും സാധനങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നും ഒരു സ്റ്റാഫ് അംഗത്തിന് ഗുരുതരമായി പരിക്കേറ്റുവെന്നും സംഘം ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഗ്രാമങ്ങൾ പിടിച്ചെടുത്ത ശേഷം വീടുകൾ കൊള്ളയടിക്കുകയും സാധാരണക്കാരെ മർദ്ദിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സുരക്ഷിത താവളം തേടി കാൽനടയായി കിലോമീറ്ററുകളോളം സഞ്ചരിക്കുകയാണ് പ്രായമായവരും കുട്ടികളുമടങ്ങുന്ന സംഘം. പലായനം ചെയ്തവർക്ക് അടിസ്ഥാനപരമായ ഭക്ഷണവും മരുന്നും ലഭ്യമല്ല. ആശുപത്രികൾ പലതും യുദ്ധം മൂലം അടച്ചുപൂട്ടിയതോ തകർക്കപ്പെട്ടതോ ആയതിനാൽ പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ സാധിക്കുന്നില്ലെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.



