കോഴിക്കോട്: വയനാട് മുണ്ടക്കൈ – ചൂരൽമല അതിജീവിതർക്കായി വീട് വച്ചുനൽകാനെന്ന പേരിൽ കെപിസിസി പിരിച്ച കോടിക്കണക്കിന് രൂപ എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആവശ്യപ്പെട്ടു. ഫണ്ട് സമാഹരിച്ച് ഒന്നരവർഷം പിന്നിട്ടിട്ടും തുകയെക്കുറിച്ചോ അതെന്തിന് ഉപയോഗിച്ചുവെന്നതിനെക്കുറിച്ചോ യാതൊരു വിവരവുമില്ല.
ജനങ്ങളെ കബളിപ്പിക്കുന്ന കോൺഗ്രസിന്റെ ഈ നിലപാടിനെതിരേ ‘വീടെവിടെ കോൺഗ്രസേ?’ എന്ന ചോദ്യമുയർത്തി ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടിൽ കോൺഗ്രസ് ഏറ്റെടുത്ത സ്ഥലത്തും എല്ലാ ജില്ലകളിലും കുടിൽകെട്ടി പ്രക്ഷോഭം ആരംഭിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം.
വയനാട്ഫണ്ടിനായി രൂപീകരിച്ച സംയുക്ത അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിലെ സ്വത്തുവിവരത്തിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കണം. കോടിക്കണക്കിനു രൂപ കൈകാര്യം ചെയ്യുന്ന അക്കൗണ്ടിന്റെ വിവരങ്ങൾ മറച്ചുവച്ചത് ദുരൂഹമാണ്. സുതാര്യതയെക്കുറിച്ച് വാതോരാതെ പറയുന്നവർ സ്വന്തം കാര്യത്തിൽ കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വസീഫ് കുറ്റപ്പെടുത്തി.



