കോഴിക്കോട്: കഴിഞ്ഞ 20 വര്‍ഷമായി കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലൊന്നില്പോലും വിജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് നിര്‍ണായകമാണ്. പല മണ്ഡലങ്ങളിലും യുഡിഎഫിന് വിജയപ്രതീക്ഷയുണ്ട്. ഭൂരിപക്ഷം ഇത്തിരി കുറഞ്ഞാലും സീറ്റുകളെല്ലാം നിലനിര്‍ത്താനുള്ള ജീവന്മരണ പോരാട്ടമാണ് എല്‍ഡിഎഫിന്. 13ല്‍ മിക്കയിടത്തും ഇഞ്ചോടിഞ്ച്. ബിജെപിക്ക് സ്വാധീനമുള്ളിടത്ത് ഇരുമുന്നണികൾക്കും നെഞ്ചിടിപ്പുണ്ട്. സിറ്റിംഗ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളുമാണ് എല്‍ഡിഎഫ് സ്ഥാനാർഥികൾ. യുഡിഎഫ് യുവനിരയെ പരീക്ഷിക്കുന്നു.
റിയാസിനെതിരേ പി.വി. അൻവർ
മരുമോനിസം അവസാനിപ്പിക്കുമെന്നാണ് പ്രതിജ്ഞ. ബേപ്പൂരിലെ ഇടതുപക്ഷ പാരമ്പര്യമാണ് അവർക്ക് വിന. കോണ്‍ഗ്രസ്, ലീഗ് വോട്ടുകള്‍ക്കൊപ്പം ഇടഞ്ഞ സിപിഎം വോട്ടുകളിലാണ്അന്വറിന്റെ പ്രതീക്ഷ. ബേപ്പൂരിൽ നടത്തിയ വികസനം റിയാസ് വിളിച്ചുപറയുന്നു. ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബു തദേശ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലുണ്ടായ വോട്ട് വര്‍ധനയിലേക്ക് ഉറ്റുനോക്കുന്നു. അപരന്മാര് അന്‍വറിന് നാല്. റിയാസിന് ഒന്ന്. മൊത്തം എട്ട് സ്ഥാനാര്‍ഥികള്‍.
കടത്തനാട്ടിൽ തീപാറും
ദൗത്യം ദുഷ്കരമാണെന്ന തിരിച്ചറിവ് എല്‍ഡിഎഫിനുണ്ട്. ആര്‍ജെഡി പ്രതിനിധി കെ.എം. ഭാസ്കരൻ- കെ.കെ.രമ പോരാട്ടം. ബിജെപി ക്ക് കെ. ദിലീപ്. സ്ത്രീ വോട്ടര്‍മാരിലാണ് യുഡിഎഫ്-ആര്‍എംപിഐ പ്രതീക്ഷ. സ്വതന്ത്രന്മാരടക്കം എട്ടു സ്ഥാനാര്‍ഥികൾ
നാട്ടങ്കം
ഒരേ നാട്ടുകാരാണ് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ. കാസിമും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിറ്റിംഗ് എംഎല്‍എ ലിന്റോ ജോസഫും. ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ നിര്‍ണായകം. എന്‍ഡിഎ മുന്നണിയില്‍ ട്വന്റി-ട്വന്റിക്കു വേണ്ടി പോരാടുന്ന സണ്ണി തോമസിനും ക്രിസ്ത്യന്‍ വോട്ടുകളിൽ നോട്ടമുണ്ട്. ചൂലുമായി എഎപിയും കളത്തിലുണ്ട്.
സ്വാധീനമുള്ള വെല്‍ഫെയര്‍ പാര്‍ട്ടി മനമറിയിച്ചിട്ടില്ല. അടിവലികള്ക്കു സാധ്യതയുണ്ട്. തുരങ്കപാതയാണ് ലിന്റോ ജോസഫിന്റെ തുറുപ്പുചീട്ട്.
പത്ത് വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍, വന്യമൃഗശല്യം, കാര്‍ഷിക മേഖലയുടെ തളര്‍ച്ച, തിരുവമ്പാടിയിലെ പ്രാദേശിക വിഷയങ്ങള്‍ എന്നിവ പ്രചാരണവിഷയങ്ങളാണ്. മൊത്തം ഏഴ് സ്ഥാനാര്‍ഥികള്‍.
കുന്നമംഗലത്തെ അടിയൊഴുക്കുകള്‍
2011 മുതല്‍ ഇടതിനൊപ്പം. ന്യൂനപക്ഷവോട്ടുകള്‍ ഏറെ. സാമുദായിക അടിയൊഴുക്കുകള്‍ പ്രവചനാതീതം. എൽഡിഎഫ് പി.ടി.എ. റഹീമിനെ നിർത്തിയത് വിജയം മാത്രം തേടി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് അട്ടിമറി ജയം പ്രതീക്ഷിക്കുന്നു. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നടത്തിയ മുന്നേറ്റം യുഡിഎഫ് പ്രതീക്ഷ. ബിജെപി ഉത്തരമേഖലാ പ്രഭാരി വി.കെ. സജീവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ട് മുന്നണികൾക്ക് രണ്ടുവീതം അപരന്മാർ. മൊത്തം എട്ട് സ്ഥാനാര്‍ഥികള്‍.
നവ്യാശങ്ക
മുന്‍ മേയറും സിറ്റിംഗ് എംഎല്‍എയുമായ തോട്ടത്തില്‍ രവീന്ദ്രന്, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ്. യുഡിഎഫിന് എളുപ്പമാകില്ല. നവ്യ ഹരിദാസ് നേടുന്ന വോട്ടുകളെക്കുറിച്ചുള്ള ആശങ്ക രണ്ടു മുന്നണികൾക്കും. കെ. ജയന്തിന് രണ്ടും തോട്ടത്തില്‍ രവീന്ദ്രന് മൂന്നും അപരന്മാരുണ്ട്. മൊത്തം 10 സ്ഥാനാര്‍ഥികള്‍.
അപരന്മാർ വള്ളിയാകുമോ?
മുസ്ലിം ലീഗ് കോട്ട. യൂത്ത് ലിഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനോട് ഏറ്റുമുട്ടുന്നത് സിപിഎം സ്വതന്ത്രനായ സലിം മടവൂര്‍. എന്‍ഡിഎയ്ക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥി ഗിരി പാമ്പനാൽ. പി.കെ. ഫിറോസിന് രണ്ടും സലിം മടവൂരിന് മൂന്നും അപരന്മാർ. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളും ഇവിടെ. 13 പേർ.
ചെങ്കോട്ടയിൽ ശശീന്ദ്രൻ
സിപിഎമ്മിന്റെ കോട്ട. എന്‍സിപി ശരദ്്പവാര് വിഭാഗം പ്രതിനിധിയും സിറ്റിംഗ് എംഎല്‍എയുമായ എ.കെ. ശശീന്ദ്രന് ഇടതുകുപ്പായത്തിൽ. വനംവകുപ്പിനെതിരേ ഉയര്‍ന്ന അതൃപ്തി മുതലാക്കാൻ വിദ്യാ ബാലകൃഷ്ണനിലൂടെ യുഡിഎഫും.
ബിജെപി കോഴിക്കോട് റൂറല്‍ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ്, കര്‍ഷക സംഘടനയായ വി ഫാമിന്റെ പ്രതിനിധി അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍ എന്നിവരുമുണ്ട്. വനംമന്ത്രിയെ തോൽപ്പിക്കാൻ വോട്ടുകള്‍ വിഘടിപ്പിക്കാനാണ് സുമിന്റെ പദ്ധതി. പാര്‍ട്ടിയിലെ തല്ല് ബാധിക്കുമോയെന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്. എന്‍സിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത്പവാര്‍ വിഭാഗത്തിന് ലഭിച്ചതും തിരിച്ചടിയാണ്. അജിത്പവാര്‍ വിഭാഗം പ്രതിനിധി പി.കെ. ശശീന്ദ്രനും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ ക്ലോക്ക് ചിഹ്നത്തിലാണ് എ.കെ. ശശീന്ദ്രന് മത്സരിച്ചത്. കാഹളമൂതുന്ന മനുഷ്യനാണ് എ.കെ. ശശീന്ദ്രന്റെ ചിഹ്നം. എ.കെ. ശശീന്ദ്രന് ഒരു അപരന് കൂടിയുണ്ട്. മൊത്തം എട്ട് സ്ഥാനാര്‍ഥികള്‍.
ആടിയാടി കുറ്റ്യാടി
സിപിഎമ്മും മുസ്ലിം ലീഗും തമ്മില്‍ വാശിയേറിയ രാഷ്ട്രീയപോരാട്ടമാണ്. സിറ്റിംഗ് എംഎല്‍എ കെ.പി. കുഞ്ഞമ്മദ്കുട്ടി എല്‍ഡിഎഫ് പോരാളി. മുന്‍ എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള യുഡിഎഫിന്റെ പ്രതീക്ഷ. നേരിയ വോട്ടിന് ആരും ജയിക്കാം, തോല്‍ക്കാം.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി രാംദാസ് മണലേരിയുമുണ്ട്. ഇടതു-വലതു സ്ഥാനാര്‍ഥികള്‍ക്ക് ഓരോന്നു വീതം അപരന്മാരുണ്ട്. മൊത്തം അഞ്ച് സ്ഥാനാര്‍ഥികള്‍.
കൊയിലാണ്ടി
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. മുതിര്‍ന്ന സിപിഎം നേതാവ് കെ. ദാസൻ എൽഡിഎഫും. യുവ ബിജെപി നേതാവ് പ്രഫുല്കൃഷ്ണനുമുണ്ട്. ഏറെ ജനകീയനാണ് കെ. ദാസൻ. എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചാല്‍ അത് മറ്റു മുന്നണികളുടെ വോട്ടുനിലയില്‍ കാര്യമായ മാറ്റം വരുത്തും. പ്രവീണ്‍കുമാറിന് രണ്ടും കെ.ദാസന് ഒരാളും അപരന്മാരുണ്ട്. മൊത്തം ഏഴ് സ്ഥാനാര്‍ഥികള്‍.
മൂന്നിലൊന്ന്
സിറ്റിംഗ് എംഎല്‍എയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവിലിനോട് ഏറ്റുമുട്ടുന്നത് യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു. ടി. റെനീഷ് എന്‍ഡിഎ സ്ഥാനാര്‍ഥി. റെനീഷ് നേടുന്ന വോട്ടുകള്‍ നിർണായകം. അടിയൊഴുക്കുകളുമുണ്ട്.
ഗ്ലാസ് ചിഹ്നത്തിൽ പ്രചാരണം തുടങ്ങിയ അഹമ്മദ് ദേവര്‍കോവിലിനു തിരിച്ചടിയായി ചിഹ്നം മാറി. മൂന്നു സ്ഥാനാർഥികളേയുള്ളൂ.
തീയായി തഹ്ലിയ
യൂത്ത്ലീഗിന്റെ തീപ്പൊരി നേതാവ് 34കാരിയായ ഫാത്തിമ തഹ്ലിയ, 76കാരനായ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും. ഉറച്ച എൽഡിഎഫ് കോട്ട. എന്‍ഡിഎയ്ക്ക് വേണ്ടി മോഹനനാണ്.
കോഴിക്കോട് കോര്പറേഷന് കൗൺസിലറായ തഹ്ലിയ സ്ത്രീ, യുവ വോട്ടുകൾ നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അപരൻമാരുണ്ട്. മൊത്തം 10 സ്ഥാനാര്‍ഥികള്‍.
നാദാപുരം
സിപിഐ നേതാവ് അഡ്വ. പി. വസന്തത്തെ രംഗത്തിറക്കിയ എല്‍ഡിഎഫിന് ഇത്തവണയും ആശങ്കയില്ല. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെ.എം. അഭിജിത്തിന് ഇടതുകോട്ട തകര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി വിപിന്‍ചന്ദ്രൻ. ആ മുന്നണിയിൽ ചില അസ്വാരസ്യങ്ങളുണ്ട്. അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ട്. മൊത്തം ഏഴ് സ്ഥാനാര്‍ഥികള്‍.
യുവത്വത്തിന്റെ ഏറ്റുമുട്ടൽ
ബാലുശേരി തിരിച്ചുപിടിക്കാനുള്ള ദുഷ്കരദൗത്യമാണ് കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിന്.സിറ്റിംഗ് എംഎല്‍എ കെ.എം. സച്ചിന്‍ദേവ് എതിരാളി. യുവത്വത്തിന്റെ ഏറ്റുമുട്ടൽ.
സച്ചിൻദേവ് നടത്തിയ വികസന പ്രവര്‍ത്തനങ്ങൾ എല്‍ഡിഎഫ് എടുത്തുപറയുന്നു. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വരെ യുഡിഎഫ് ചര്‍ച്ചയാക്കുന്നു. എന്‍ഡിഎയ്ക്ക് സി.പി. സതീഷാണ്. മൊത്തം അഞ്ച് സ്ഥാനാര്‍ഥികള്‍.



