തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പു കമ്മീഷൻ സിപിഎമ്മിന്റെ ബീ ടിമായി പ്രവർത്തിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്.
നിഷ്പക്ഷവും നീതിപൂർവകവുമായ തെരെഞ്ഞെടുപ്പു അട്ടിമറിക്കാൻ വേണ്ടി സംസ്ഥാന സർക്കാരും സിപിഎമ്മും ചേർന്നു നടത്തുന്ന ഗൂഢാലോചനയിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉൾപ്പെടെയുള്ള ആൾക്കാരും അകപ്പെട്ടിരിക്കുകയാണെന്നും സുരേഷ് പറഞ്ഞു. എൻജിഒ യൂണിയൻ പ്രവർത്തകർ കേരള തെരഞ്ഞെടുപ്പു കമ്മീഷനിൽ കടന്നു കയറിയിരിക്കുകയാണ്.
ബിജെപിയുടെ സീൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ പതിപ്പിച്ചതിൽ സസ്പെൻഡ് ചെയ്യപ്പെട്ടത് ജയ്സിൽ പി. അസീസാണ്. ഇയാൾ എൻജിഒ യൂണിയന്റെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവാണ്. ഇയാളാണു ബിജെപിയുടെ സീൽ പതിപ്പിച്ച ഗൂഢാലോചനയ്ക്കു പിന്നിൽ. ഇയാൾക്കു ബിജെപിയുടെ സീൽ എവിടുന്നു കിട്ടിയെന്ന് അന്വേക്ഷിക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു.



