ഇറാൻ-ഇസ്രായേല്‍ യുദ്ധം ലോകക്രമത്തെ തന്നെ മാറ്റിമറിക്കുമ്പോൾ ഇറാന് സൈനിക സഹായവുമായി റഷ്യ രംഗത്തുണ്ടെന്ന ഗുരുതരമായ ആരോപണവുമായി ജർമ്മനി രംഗത്തെത്തി. ഇറാന് മിസൈൽ ആക്രമണങ്ങൾ നടത്താനുള്ള കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി നൽകുന്നതിൽ റഷ്യ സഹായിക്കുന്നുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി യോഹാൻ വദേഫുൾ ആരോപിച്ചു. ഫ്രാൻസിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്രൈൻ അധിനിവേശത്തിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പശ്ചിമേഷ്യൻ യുദ്ധത്തെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വ്ളാദിമിർ പുടിൻ അതീവ തന്ത്രപരമായ നീക്കമാണ് നടത്തുന്നതെന്ന് യോഹാൻ വദേഫുൾ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം കടുക്കുന്നതിലൂടെ ഉക്രൈനിലെ റഷ്യൻ അതിക്രമങ്ങൾ ലോകം മറക്കുമെന്നാണ് പുടിൻ കണക്കുകൂട്ടുന്നത്. എന്നാൽ ഈ നീക്കം വിജയിക്കാൻ അനുവദിക്കില്ലെന്നും രണ്ട് സംഘർഷങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും ജർമ്മനി വ്യക്തമാക്കി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായും ജർമ്മൻ വിദേശകാര്യ മന്ത്രി ചർച്ച നടത്തി. യുദ്ധം അവസാനിച്ചാൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജർമ്മനി പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.



