ഡൽഹിയിലെ ചരിത്രപ്രധാനമായ 24 അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്ത് നിന്ന് ഉടനടി ഒഴിയേണ്ടി വരില്ലെന്ന ആശ്വാസത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയിലെ മുതിർന്ന നേതാക്കളുമായി നടത്തിയ അനൗദ്യോഗിക ചർച്ചകൾക്കൊടുവിൽ കുറച്ചു മാസത്തേക്ക് കൂടി ഇവിടെ തുടരാൻ കോൺഗ്രസിന് അനുമതി ലഭിച്ചതായാണ് സൂചന.
ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിൽ ലഭിച്ച ഈ ‘താൽക്കാലിക ആശ്വാസം’ ഇരു പാർട്ടികളിലെയും മുതിർന്ന നേതാക്കൾ തമ്മിൽ നടത്തിയ തിരശ്ശീലയ്ക്ക് പിന്നിലെ ചർച്ചകളുടെ ഫലമാണെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, തൽക്കാലം ആസ്ഥാനം മാറ്റേണ്ടി വരില്ലെന്നത് കോൺഗ്രസിന് വലിയ ആശ്വാസമാണ് നൽകുന്നത്.



