ലെബനനിൽ ലിതാനി നദി വരെയുള്ള പ്രദേശം പിടിച്ചെടുത്ത് പുതിയ സുരക്ഷാ മേഖല (Buffer Zone) സ്ഥാപിക്കാനൊരുങ്ങി ഇസ്രായേൽ. ഇതിന്റെ ഭാഗമായി ലിതാനി നദിക്ക് തെക്ക് വസിക്കുന്ന മുഴുവൻ ആളുകളോടും പ്രദേശം ഒഴിഞ്ഞുപോകാന് ഇസ്രായേൽ ഉത്തരവിട്ടു. ഹെസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോഴും, ഇത് ലെബനന് മേലുള്ള മറ്റൊരു അധിനിവേശമായി മാറുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.
ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളെ ഹെസ്ബുള്ളയുടെ ടാങ്ക് വിരുദ്ധ മിസൈലുകളിൽ നിന്നും നേരിട്ടുള്ള ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് ഈ ‘ബഫർ സോൺ’ എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലിതാനി നദിക്ക് കുറുകെയുള്ള അഞ്ച് പാലങ്ങൾ ഇസ്രായേൽ തകർത്തു. നദിക്ക് തെക്കുള്ള ഗ്രാമങ്ങളിലെ വീടുകൾ തകർക്കുകയും സൈനിക പ്രതിരോധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഗാസയിലെ റഫ, ബെയ്റ്റ് ഹനൂൻ എന്നിവിടങ്ങളിൽ നടപ്പിലാക്കിയതിന് സമാനമായ തന്ത്രമാണ് ലെബനനിലും പ്രയോഗിക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ലെബനനിൽ ഇതിനകം 10 ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു.
120 കുട്ടികളടക്കം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ലിതാനി നദി പിടിച്ചെടുക്കുന്നതോടെ ഇസ്രായേൽ സൈന്യം തലസ്ഥാനമായ ബെയ്റൂട്ടിന് തൊട്ടടുത്തെത്തുമെന്ന ആശങ്കയിലാണ് ലെബനൻ ജനത. അതേസമയം, ദക്ഷിണ ലെബനൻ പിടിച്ചെടുക്കാനുള്ള നീക്കം രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും സൈന്യത്തെ പ്രതിരോധിക്കുമെന്നും ഹെസ്ബുള്ള വ്യക്തമാക്കി.
ദക്ഷിണ ലെബനനിലേക്ക് ഇസ്രായേൽ നടത്തുന്ന ആദ്യ അധിനിവേശമല്ല ഇത്. 1978-ലും 1982-ലും സമാനമായ രീതിയിൽ ഇസ്രായേൽ ലെബനനിൽ അധിനിവേശം നടത്തിയിരുന്നു. 1985 മുതൽ 2000 വരെ നീണ്ട 22 വർഷത്തെ അധിനിവേശത്തിന് ശേഷമാണ് ഇസ്രായേൽ സൈന്യം പിന്മാറിയത്. നിലവിലെ സാഹചര്യത്തിൽ ലിതാനി നദി വരെയുള്ള പ്രദേശം ഇസ്രായേൽ നിയന്ത്രണത്തിലാക്കുന്നത് മേഖലയിൽ ദീർഘകാല യുദ്ധത്തിന് വഴിതെളിച്ചേക്കാം.



