പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുത്തവരെ കോൺഗ്രസ് നേതൃത്വം തഴഞ്ഞുവെന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ കോൺഗ്രസ് വിമത സ്ഥാനാർഥി കൊയ്യം ജനാർദ്ദനൻ ആരോപിച്ചു. തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ പ്രവർത്തകരെ നേതാക്കൾ ചതിച്ചുവെന്നും ഇത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം വിട്ടുവന്ന ടി.കെ. ഗോവിന്ദന് കോൺഗ്രസ് സീറ്റ് നൽകിയതിനെ കൊയ്യം ജനാർദ്ദനൻ കടുത്ത ഭാഷയിൽ വിമർശിച്ചു. പാർട്ടിയെ ചതിച്ചു വന്ന ഒരാൾക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെ സീറ്റ് വിട്ടുനൽകിയത് ചതിയാണ്. ദീർഘകാലം കോൺഗ്രസിന് വേണ്ടി വിയർപ്പൊഴുക്കിയവരെ അവഗണിച്ചാണ് ഈ തീരുമാനമെടുത്തത്.
ടി.കെ. ഗോവിന്ദന് വോട്ട് ചെയ്യാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാവില്ലെന്നും മണ്ഡലത്തിലെ ഒരേയൊരു കോൺഗ്രസ് സ്ഥാനാർഥി താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അന്നും ഇന്നും എന്നും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമത സ്ഥാനാർഥിയായി പത്രിക നൽകിയതിന് പിന്നാലെ കൊയ്യം ജനാർദ്ദനനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതിനെത്തുടർന്നാണ് കടുത്ത നടപടിയെന്ന് കണ്ണൂർ ഡിസിസി നേതൃത്വം അറിയിച്ചു. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നടന്ന അവസാനവട്ട അനുനയ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പുറത്താക്കാൻ തീരുമാനിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഫോണിൽ വിളിച്ച് നേരിട്ട് സംസാരിച്ചെങ്കിലും തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കൊയ്യം ജനാർദ്ദനൻ അറിയിക്കുകയായിരുന്നു.



