മലയാള നടൻ മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന ഹർജിയിൽ നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി. താരത്തിന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നതും അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതുമായ ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബെഞ്ചാണ് മെറ്റാ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിർദ്ദേശം നൽകിയത്.

താരത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന മുപ്പതിലധികം ലിങ്കുകളാണ് മോഹൻലാലിന്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചത്. ഇതിൽ ചില ലിങ്കുകൾ നിലവിൽ പ്രവർത്തനക്ഷമമല്ലെന്ന് മെറ്റയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതിനെത്തുടർന്ന്, മോഹൻലാൽ നൽകിയ പട്ടികയിൽ നിന്ന് നിലവിൽ ആക്ടീവ് ആയിട്ടുള്ളതും നീക്കം ചെയ്യേണ്ടതുമായ ലിങ്കുകളുടെ വിശദാംശങ്ങൾ കോടതിക്ക് കൈമാറാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ജസ്റ്റിസ് നിർദ്ദേശിച്ചു. ഈ പട്ടിക ലഭിക്കുന്നതോടെ ഔദ്യോഗികമായി ലിങ്കുകൾ നീക്കം ചെയ്യാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിക്കും.

മോഹൻലാലിന്റെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരുടെയും അദ്ദേഹത്തെ പരിഹസിക്കുന്നവരുടെയും അക്കൗണ്ട് വിവരങ്ങളും കോടതി ആരാഞ്ഞിട്ടുണ്ട്. ഇവരെ കേസിൽ കക്ഷി ചേർക്കുന്നതിനായി അക്കൗണ്ട് ഉടമകളുടെ പേരും മറ്റ് വിശദാംശങ്ങളും കൈമാറാൻ പ്ലാറ്റ്‌ഫോമുകളോട് കോടതി ആവശ്യപ്പെട്ടു. മോഹൻലാലിന് വേണ്ടി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ, ടോഗിൻ ബേബിച്ചൻ എന്നിവരാണ് ഹാജരായത്. കേസ് കൂടുതൽ വാദത്തിനായി ജൂലൈ മാസത്തേക്ക് മാറ്റി.