ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ ബസും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു, 31 ലധികം പേർക്ക് പരിക്കേറ്റു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസാണ് നാഗ്പൂർ റോഡിലെ സിമാരിയയ്ക്ക് സമീപം അപകടത്തിൽപ്പെട്ട്.
ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന എട്ടു യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
അപകടസമയത്ത് ബസിൽ 40 ലധികം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജബൽപൂരിൽ നിന്ന് ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഛിന്ദ്വാര നഗരത്തിലെ പോലീസ് ഗ്രൗണ്ടിൽ 105 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.



