ചെന്നൈ: വിജയസാധ്യതയുള്ള സീറ്റുകൾ ലഭിക്കാത്തതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ അണ്ണാമലൈ. ഇതു സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തെ അദ്ദേഹം നിലപാട് അറിയിച്ചു.
ഗൗണ്ടംപാളയം, സിംഗനല്ലൂർ, അറവാക്കുറിച്ചി സീറ്റുകളിൽ മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ ഈ സീറ്റുകളിൽ അണ്ണാഡിഎംകെയാണ് മത്സരിക്കുന്നത്. ഇതോടെ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി അദ്ദേഹം ബിജെപി നേതൃത്വത്തിനു കത്തയച്ചു.
അണ്ണാമലൈ പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കുമെന്നും സൂചനയുണ്ട്. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഇത്തവണ അണ്ണാഡിഎംകെ സ്ഥാനാർഥികളാണ് ജനവിധിതേടുന്നത്.
ചെന്നൈയിലെ 16 മണ്ഡലങ്ങളിൽ ഒന്നു മാത്രമാണു ബിജെപിക്കു ലഭിച്ചത്. ഇതിൽ പല മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ട്.



