‘ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും’ എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാൽ ഒരു വർഷത്തിനിടയിൽ രണ്ടു തവണ ചൂടുവെള്ളത്തിൽ വീണാലോ? ഇതാണ് ഇറാന്റെ ഇപ്പോഴത്തെ അവസ്ഥ. ഇറാനും അമേരിക്കയും സമാധാന കരാറിലേക്ക് അടുക്കുകയാണെന്നും ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടെന്നും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ഇറാൻ ധർമ്മസങ്കടത്തിലായിരിക്കുകയാണ്.
എന്നാൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന വാർത്ത ഇറാൻ ഉടൻ നിഷേധിക്കുകയായിരുന്നു. ഇതിനു മുമ്പ് രണ്ടു തവണ ട്രംപ് തങ്ങളെ ചതിച്ചതാണെന്നും ഇനിയൊരു വഞ്ചനക്ക് തങ്ങൾ തയ്യാറല്ലെന്നും മധ്യസ്ഥ രാജ്യങ്ങളോട് ഇറാൻ അറിയിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.



