രാജ്യത്ത് അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെ വില നിയന്ത്രണ പരിധി വിപുലീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെൻററി സമിതി. ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾക്കും മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കും നേരത്തെ ഏർപ്പെടുത്തിയ വില നിയന്ത്രണം വൻ വിജയമായിരുന്നിട്ടും മറ്റു പല ഉപകരണങ്ങളുടെയും അമിത വില രോഗികളെ കടക്കെണിയിലാക്കുന്നുവെന്ന് സമിതി മുന്നറിയിപ്പ് നൽകി.
രാജ്യസഭാ ഹർജി സമിതി സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ ആശങ്കകൾ പങ്കുവെച്ചിരിക്കുന്നത്. ഹൃദയസംബന്ധമായ ശസ്ത്രക്രിയകളിലും ന്യൂറോ സർജറികളിലും ഉപയോഗിക്കുന്ന പല ജീവൻരാക്ഷാ ഉപകരണങ്ങളും ഇപ്പോഴും വില നിയന്ത്രണ പരിധിക്ക് പുറത്താണെന്നും ഇത് ചികിത്സാചെലവിന്റെ വലിയൊരു ഭാഗം രോഗി നേരിട്ട് വഹിക്കാൻ ഇടയാക്കുന്നുവെന്നും സമിതി നിരീക്ഷിച്ചു.



