പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും നാടക രംഗത്ത് സജീവമായിരുന്ന അദ്ദേഹം ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. നടനും എംഎൽഎയുമായ എം. മുകേഷിൻ്റെ സഹോദരി ഭർത്താവാണ് അദ്ദേഹം.
നാടകരംഗത്തും സിനിമയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു രാജേന്ദ്രൻ. കൊല്ലത്തെ പ്രശസ്തമായ കാളിദാസ കലാകേന്ദ്രത്തിന്റെ മുഖ്യ പ്രവർത്തകനായിരുന്ന അദ്ദേഹം, അമ്മായിയപ്പനും നാടക ആചാര്യനുമായ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ നെടുംതൂണായിരുന്നു. നിരവധി ക്ലാസിക് കൃതികളെ നാടക രൂപത്തിൽ ആവിഷ്കരിച്ച് കാളിദാസ കലാകേന്ദ്രത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 1987-ൽ അദ്ദേഹം സംവിധാനം ചെയ്ത നാടകത്തിന് മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു.
ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം സിനിമയിൽ സജീവമാകുന്നത്. പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ, ദയ തുടങ്ങി അറുപതോളം ചിത്രങ്ങളിൽ വില്ലനായും സ്വഭാവനടനായും അദ്ദേഹം വേഷമിട്ടു. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. അടുത്ത കാലത്തും നാടക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.



