സ്പെയിനിൽ നിന്നുള്ള സിസ്റ്റർ മരിയ ലൂസിയ ഗൊൺസാലസ് ബരാസിയേറയുടെയും അമേരിക്കയിലെ പ്രശസ്തമായ ‘ബോയ്സ് ടൗൺ’ സ്ഥാപകൻ ഫാ. എഡ്വേർഡ് ജെ. ഫ്ലാനഗന്റെയും ധന്യർ പദവിക്ക് ഔദ്യോഗികമായി അംഗീകാരം നൽകി ലെയോ പതിനാലാമൻ മാർപാപ്പ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറുപേരുടെ ദൈവദാസപദവി കൂടി ഇതോടൊപ്പം മാർപാപ്പ അംഗീകരിച്ചിട്ടുണ്ട്. വത്തിക്കാനിൽ വിശുദ്ധർക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചത്.
ഫാ. എഡ്വേർഡ് ജെ. ഫ്ലാനഗൻ
അമേരിക്കയിലെ നെബ്രാസ്കയിൽ അഗതികളായ കുട്ടികൾക്കായി ‘ബോയ്സ് ടൗൺ’ എന്ന സ്ഥാപനം കെട്ടിപ്പടുത്ത ഐറിഷ്-അമേരിക്കൻ വൈദികനാണ് ഇദ്ദേഹം. “മോശം കുട്ടികളില്ല, സ്നേഹവും പരിചരണവും ലഭിക്കാത്ത കുട്ടികളേയുള്ളൂ” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ലോകപ്രശസ്തമാണ്. കുട്ടികളുടെ അവകാശങ്ങൾക്കും പുനരധിവാസത്തിനുമായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സഭയും സമൂഹവും ഒരുപോലെ ആദരിക്കുന്നു.
സിസ്റ്റർ മരിയ ലൂസിയ
സ്പെയിനിലെ മിഷനറി പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ രംഗത്തും സജീവമായിരുന്ന സന്യാസിനിയാണ് സിസ്റ്റർ മരിയ ലൂസിയ. എളിമയാർന്ന ജീവിതത്തിലൂടെയും പാവപ്പെട്ടവരോടുള്ള കരുണയിലൂടെയും ശ്രദ്ധേയയായ അവരുടെ ജീവിതം മാതൃകാപരമാണ്.
ഇവർ ധന്യർ പദവിയിലേക്ക് ഉയർത്തപ്പെട്ടതോടെ ഇവരുടെ മാധ്യസ്ഥതയിൽ നടന്ന ഒരു അദ്ഭുതം കൂടി സഭ സ്ഥിരീകരിച്ചാൽ ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. തുടർന്ന് മറ്റൊരു അദ്ഭുതം കൂടി സ്ഥിരീകരിച്ചാൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും.



