ഒന്റാറിയോയിൽ പുതിയ വീട് വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. പുതിയ വീടുകൾ വാങ്ങുമ്പോൾ നൽകേണ്ട എച്ച്എസ് ടി (HST) തുകയിൽ വൻ ഇളവ് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് എല്ലാ വിഭാഗം ആളുകൾക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്ന് അദ്ദേഹം മിസിസാഗയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നേരത്തെ ആദ്യമായി വീട് വാങ്ങുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോൾ എല്ലാവർക്കുമായി വ്യാപിപ്പിക്കുന്നത്. പത്ത് ലക്ഷം ഡോളർ വരെയുള്ള വീടുകൾക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം ഡോളർ വരെ ടാക്സ് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കണക്കിലെടുത്ത് സാധാരണക്കാർക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് ഈ നീക്കം.

വീട് നിർമ്മാണ മേഖലയിലെ മന്ദത പരിഹരിക്കാനും ഈ പുതിയ തീരുമാനം സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ അടുത്ത ഒരു വർഷത്തേക്കാണ് ഈ പദ്ധതിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഒന്റാറിയോയിലെ ഭവന നിർമ്മാണ മേഖലയ്ക്ക് ഏകദേശം 2.7 ബില്യൺ ഡോളറിന്റെ കരുത്ത് പകരാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് ഡഗ് ഫോർഡ് പറഞ്ഞു.

ഫെഡറൽ ഗവൺമെന്റുമായി സഹകരിച്ചാണ് ഈ നികുതി ഇളവ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതുവഴി അയ്യായിരത്തിലധികം പുതിയ വീടുകളുടെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് പുതിയ തൊലിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഭവന വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്ന് ധനമന്ത്രി പീറ്റർ ബെത്‌ലൻഫാൽവിയും അഭിപ്രായപ്പെട്ടു. സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയൊരു സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ ഈ തീരുമാനം ഉപകരിക്കും. വരാനിരിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടും.

അമേരിക്കയിലെ സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്തുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടെ കാനഡയിലെ ഈ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. ടാരിഫ് ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് ഒന്റാറിയോ സർക്കാർ ശ്രമിക്കുന്നത്. കാനഡയിലെ മറ്റ് പ്രവിശ്യകളിലും സമാനമായ ആവശ്യങ്ങൾ ഉയരാൻ ഈ തീരുമാനം കാരണമായേക്കും.