പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ പാചകവാതക മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നതിനിടെ നിർണായക ഉത്തരവുമായി കേന്ദ്ര സർക്കാർ. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി) സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ ഉപഭോക്താക്കൾ അതിലേക്ക് മാറിയില്ലെങ്കിൽ എൽ.പി.ജി വിതരണം നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു. ഇതിനായുള്ള സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

മാർച്ച് 24 ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, പ്രദേശത്ത് പിഎൻജി ലഭ്യമാണെന്ന് അറിയിപ്പ് ലഭിച്ച് കഴിഞ്ഞാൽ  മൂന്നു മാസത്തിനകം ഉപഭോക്താക്കൾ അതിലേക്ക് മാറണം. അല്ലാത്തപക്ഷം അവർക്ക് എൽ.പി.ജി സിലിണ്ടറുകൾ ലഭിക്കില്ല.

ഇതൊരു അപ്രതീക്ഷിതമായ നീക്കമായി കാണാനാവില്ല. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം കാരണം ഇന്ത്യയിലേക്കുള്ള എൽ.പി.ജി വിതരണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ആഗോള ഊർജ വിപണിയിലെ ഈ തടസ്സങ്ങൾ മറികടക്കാൻ, ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതും കൂടുതൽ വിശ്വസനീയവുമായ പി.എൻ.ജിയിലേക്ക് ഉപഭോക്താക്കളെ മാറ്റാനാണ് സർക്കാർ പുതിയ ഉത്തരവിലൂടെ ശ്രമിക്കുന്നത്. സിലിണ്ടറുകൾ മാറ്റി വാങ്ങുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി നേരിട്ട് അടുക്കളകളിലേക്ക് പൈപ്പ് വഴി ഗ്യാസ് എത്തുന്ന സംവിധാനമാണ് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി).