രാജ്യത്ത് കസ്റ്റഡി മരണങ്ങളുടെ എണ്ണം ഉയരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2026-ലെ ആദ്യ 74 ദിവസങ്ങൾക്കിടെ (ജനുവരി 1 മുതൽ മാർച്ച് 15 വരെ) ഇന്ത്യയിൽ ആകെ 170 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 140 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പാർലമെന്റിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
സംസ്ഥാനങ്ങളുടെ കണക്ക് നോക്കുമ്പോൾ ഏറ്റവും കൂടുതൽ കേസുകൾ ബീഹാറിലാണ് റിപ്പോർട്ട് ചെയ്തത് – 19 മരണം. തുടർന്ന് രാജസ്ഥാൻ 18 കേസുകളും, ഉത്തർപ്രദേശ് 15 കേസുകളും രേഖപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ 14 വീതം മരണങ്ങളുണ്ട്. ദക്ഷിണേന്ത്യയിൽ തമിഴ്നാട് 7 മരണങ്ങളും, തെലങ്കാന 5 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഈ കാലയളവിൽ 3 കസ്റ്റഡി മരണങ്ങളാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർദ്ധനവ് ഗൗരവകരമായ മനുഷ്യാവകാശ പ്രശ്നമായി വിലയിരുത്തപ്പെടുന്നു. 2021-22 കാലയളവിൽ 176 മരണങ്ങൾ രേഖപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് ഇത് കുറയുന്ന പ്രവണതയിലായിരുന്നു (2022-23ൽ 163, 2023-24ൽ 157). എന്നാൽ 2026-ന്റെ തുടക്കത്തിൽ തന്നെ കണക്കുകൾ വീണ്ടും ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നതായി വിലയിരുത്തുന്നു.
ഈ സാഹചര്യം പൊലീസിന്റെയും ജയിൽ അധികൃതരുടെയും പ്രവർത്തനങ്ങളിൽ ഉള്ള വീഴ്ചകളും നിയമവിരുദ്ധമായ പീഡനങ്ങളും സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നുവെന്ന വിലയിരുത്തലുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പോലീസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.



