ആലപ്പുഴ: ഈ തെരഞ്ഞെടുപ്പ് സമയത്ത് ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഏറ്റവും വലിയ അഴിമതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ബാര്‍ ലൈസന്‍സ് അഞ്ച് വര്‍ഷത്തിലൊരിക്കലാണ് പുതുക്കിക്കൊടുക്കാറുള്ളത്. എന്നാല്‍ മാധ്യമങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നത് കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കേരള സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കാൻ തീരുമാനമെടുത്തിരിക്കുന്നതെന്നാണ്.
കോടിക്കണക്കിന് രൂപ ബാര്‍ ഉടമകളില്‍ നിന്നു കൈക്കൂലി വാങ്ങിയിട്ടാണ് പുതുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.
ക്ലാസിഫിക്കേഷന്‍ നടപടികള്‍ക്കു കാത്തിരിക്കാതെ വെബ്സൈറ്റില്‍പോലും പ്രസിദ്ധീകരിക്കാതെ രഹസ്യമായിട്ടാണ് ബാറുകള്‍ക്കല്ലാം ലൈസന്‍സ് പുതുക്കിക്കൊടുത്തിരിക്കുന്നത്. ബാറുകളുടെ സമയപരിധി കൂട്ടിക്കൊടുത്തതും അഴിമതിയായിരുന്നു. ഇത് അതിനെക്കാളും വലുതാണ്.
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ വേണ്ടി ബാര്‍ ഉടമകള്‍ അവര്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാർ ചെയ്തുകൊടുക്കുകയാണ്. ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് ബാര്‍ ഉടമകളില്‍നിന്നു കൈപ്പറ്റിയിരിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
പിണറായി വിജയന് കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍
മുഖ്യമന്ത്രി പിണറായി വിജയന് കുറെ നാളുകളായി കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍ ആയി മാറി. സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചാൽ കൃത്യമായ അന്തര്‍ധാരയുണ്ടെന്ന് മനസിലാകും. തെരഞ്ഞെടുപ്പില്‍ പരസ്പരം സഹായിക്കാനുള്ള അന്തര്ധാരായാണത്. ഇത് ഞങ്ങള്‍ നേരത്തേ വ്യക്തമാക്കിയതാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മോദിയുടെ മുന്നില്‍ ഒന്നും പറയാന്‍ കഴിയുന്നില്ല. ഇഡിയെ പേടിച്ച് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അക്കാരണത്താല്‍ ഒരു കാര്യത്തിലും കേന്ദ്രവുമായി ഏറ്റുമുട്ടാന്‍ അദ്ദേഹം തയാറാകുന്നില്ല. ഏറ്റവും ഒടുവില്‍ ഭരണം കൈവിട്ടു പോകുമെന്നു മനസിലായപ്പോള്‍ അധാര്‍മികമായ രാഷ്ട്രീയ ധാരണയ്ക്കാണ് സിപിഎം നേതൃത്വം കൊടുത്തിരിക്കുന്നത്.
സ്വന്തം അണികളെ വഞ്ചിച്ചുകൊണ്ട് സിപിഎമ്മും ബിജെപിയും നടത്തുന്നത് സ്വാര്‍ഥ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഡീല്‍ ആണ്. പരാജയം മനസിലായ മുഖ്യമന്ത്രി ഇന്നലെ നടത്തിയത് സമനില തെറ്റിയ പരാമർശമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കൺവൻഷനിൽ സാധാരണ ഒരു പാർട്ടി പ്രവർത്തകന്റെ ചോദ്യമായിരുന്നു മുഖ്യമന്ത്രിയോട്. തങ്ങളോടും രാഷ്ട്രീയ പ്രവർത്തകര്‍ ഇഷ്ടംപോലെ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. വീട്ടിൽ പോയി ചോദിക്കാൻ ഞങ്ങൾ ആരോടും പറയാറില്ലെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമർശം ഇവിടെ ആലപ്പുഴയിൽ സുധാകരനെതിരേയും നടത്തി. ചെറ്റത്തരം എന്ന വാക്ക് ഉപയോഗിച്ചതിനെതിരേ ഇപ്പോൾ സിപിഎം നേതാക്കൾ പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുകയാണ്. പ്രതീക്ഷിച്ചതിനപ്പുറം സീറ്റുകളുമായി ആലപ്പുഴയിൽ യുഡിഎഫ് വിജയിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.



