ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള 2019-ലെ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) ഭേദഗതി ബിൽ 2026 ചൊവ്വാഴ്ച ലോക്സഭ പാസാക്കി. ഭിന്നലിംഗ പദവി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനും കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ കാലാവധി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ബിൽ. എന്നാൽ സ്വയം തിരിച്ചറിയാനുള്ള അവകാശത്തെ ബിൽ തടയുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് സഭയിൽ ഉയർത്തിയത്.
ബയോളജിക്കൽ പ്രശ്നങ്ങൾ കാരണം സാമൂഹിക ബഹിഷ്കരണം നേരിടുന്നവർക്ക് മാത്രം നിയമ പരിരക്ഷ ഉറപ്പാക്കാനാണ് ഈ ഭേദഗതിയെന്ന് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ സഭയിൽ പറഞ്ഞു. ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കാൻ കൃത്യമായ നിർവ്വചനം ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു.



