ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ വ്യവസായ ഗ്രൂപ്പ് പൂർണ്ണമായും സ്വന്തമാക്കി. അമേരിക്കൻ ടെക് സംരംഭകൻ കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് വമ്പൻ തുകയ്ക്ക് ടീമിനെ വാങ്ങിയത്. 1.63 ബില്യൺ ഡോളർ (ഏകദേശം 13,500 കോടി രൂപയിലധികം) ആണ് ഈ ലാൻഡ്മാർക്ക് കരാറിന്റെ മൂല്യം. ചൊവ്വാഴ്ച, 2026 മാർച്ച് 24-നാണ് ഐപിൽ ചരിത്രത്തിലെ ഈ നിർണ്ണായക മാറ്റം സ്ഥിരീകരിച്ചത്. ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശത്തിൽ വലിയ മാറ്റം കുറിക്കുന്നതാണ് ഈ നീക്കം.
ലോകപ്രശസ്ത വ്യവസായ ഭീമന്മാരുടെ കരുത്തിലാണ് കൽ സോമാനി രാജസ്ഥാൻ റോയൽസിനെ ഏറ്റെടുത്തിരിക്കുന്നത്. വാൾമാർട്ട് കുടുംബത്തിലെ റോബ് വാൾട്ടൺ, ഫോർഡ് മോട്ടോർ കമ്പനിയുടെ ഉടമസ്ഥരായ ഹാംപ് കുടുംബം എന്നിവർ സോമാനിയുടെ കൺസോർഷ്യത്തിലുണ്ട്. ഷീല ഫോർഡ് ഹാംപിന്റെ നേതൃത്വത്തിലുള്ള ഹാംപ് കുടുംബത്തിന് നിലവിൽ അമേരിക്കൻ ഫുട്ബോൾ ലീഗിലെ ഡെട്രോയിറ്റ് ലയൺസ് എന്ന ടീമിലും ഭൂരിഭാഗം ഓഹരികളുണ്ട്. കഴിഞ്ഞ ആറു മാസമായി നടന്ന ചർച്ചകൾക്കൊടുവിലാണ് രാജസ്ഥാൻ റോയൽസിന്റെ മുൻ ഉടമകൾ ടീമിന്റെ പൂർണ്ണ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനിച്ചത്.
എഡ്യൂക്കേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ പ്രൈവസി എന്നീ മേഖലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് കൽ സോമാനി. ഇൻട്രാഎഡ്ജ്, ട്രൂയോ, അക്കാദമീഷ്യൻ തുടങ്ങിയ ആഗോള കമ്പനികളുടെ സ്ഥാപകനായ അദ്ദേഹം സ്പോർട്സ് ടെക്നോളജിയിലും വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ടൈഗർ വുഡ്സ്, റോറി മക്ലോറി എന്നിവരുടെ സ്പോർട്സ് സംരംഭങ്ങളിലും സോമാനി പങ്കാളിയാണ്. 2021-ൽ തന്നെ രാജസ്ഥാൻ റോയൽസിൽ നിക്ഷേപം നടത്തിയിരുന്ന അദ്ദേഹം, ഐപിഎല്ലിന്റെ ഭാവിയിലുള്ള വിശ്വാസം കണക്കിലെടുത്താണ് ഇപ്പോൾ ടീമിനെ പൂർണ്ണമായും ഏറ്റെടുത്തത്.
അമേരിക്കൻ വ്യവസായ ഭീമന്മാരുടെ കടന്നുവരവ് ഐപിഎല്ലിന്റെ ആഗോള സ്വീകാര്യത വർദ്ധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. രാജസ്ഥാൻ റോയൽസിന്റെ വിപണി മൂല്യം കുതിച്ചുയർന്നതും ആഗോളതലത്തിൽ ടീമിനുള്ള ബ്രാൻഡ് വാല്യുവും ഈ വമ്പൻ തുകയ്ക്കുള്ള പ്രധാന കാരണമാണ്. സോമാനിയുടെ സാങ്കേതിക വൈദഗ്ധ്യവും വാൾമാർട്ട്, ഫോർഡ് കുടുംബങ്ങളുടെ കായിക വിപണന മേഖലയിലെ പരിചയസമ്പത്തും രാജസ്ഥാൻ റോയൽസിന് വരും സീസണുകളിൽ വലിയ മുതൽക്കൂട്ടാകും. ടീം മാനേജ്‌മെന്റിലും ഫാൻ എൻഗേജ്‌മെന്റ് തന്ത്രങ്ങളിലും പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരാനും ഈ മാറ്റം സഹായിക്കുമെന്ന് കായിക നിരീക്ഷകർ പറയുന്നു.



