സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ബാറുകൾക്കെല്ലാം ലൈസൻസ് പുതുക്കി നൽകാനുള്ള കേരള സർക്കാരിന്റെ തീരുമാനം ഈ കാലയളവിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.

അഞ്ച് വർഷത്തിലൊരിക്കലാണ് ബാർ ലൈസൻസ് പുതുക്കി നൽകാറുള്ളതെങ്കിലും ഇത്തവണ തിടുക്കപ്പെട്ട് നടപടികൾ പൂർത്തിയാക്കിയത് ബാർ ഉടമകളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങാനാണെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് സംസ്ഥാന സർക്കാർ ബാർ ലൈസൻസുകൾ പുതുക്കാൻ തീരുമാനിച്ചത്. ക്ലാസിഫിക്കേഷൻ ഫലം വരുന്നത് വരെ കാത്തുനിൽക്കാതെയും വെബ്‌സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കാതെയും അതീവ രഹസ്യമായാണ് ഈ നടപടികൾ പൂർത്തിയാക്കിയത്.  കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ബാർ ഉടമകൾ ആവശ്യപ്പെടുന്നതെല്ലാം സർക്കാർ ചെയ്തു കൊടുക്കുകയാണ്. തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനായി നടത്തിയ ഈ നീക്കം വൻ അഴിമതിയാണെന്നും വേണുഗോപാൽ പറഞ്ഞു.