പതിറ്റാണ്ടുകൾക്ക് മുൻപ് യുവതിയെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത അമേരിക്കൻ നടൻ ബിൽ കോസ്ബി കുറ്റക്കാരനാണെന്ന് കാലിഫോർണിയയിലെ സിവിൽ ജൂറി. പരാതിക്കാരിയായ ഡോണ മോട്സിംഗറിന് 19.25 മില്യൺ ഡോളർ (ഏകദേശം 160 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. 88-കാരനായ കോസ്ബിയെ പിന്തുടരുന്ന നിയമപോരാട്ടങ്ങളിലെ ഏറ്റവും പുതിയ തിരിച്ചടിയാണിത്.
നിലവിൽ 84 വയസ്സുള്ള ഡോണ മോട്സിംഗർ നൽകിയ പരാതി പ്രകാരം, 1972-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലിഫോർണിയയിലെ സാസലിറ്റോയിലെ ഒരു റെസ്റ്റോറന്റിൽ വെയിട്രസ്സായി ജോലി ചെയ്യുകയായിരുന്നു ഡോണ അന്ന്. കോസ്ബിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ ഷോ കാണാൻ പോയ തനിക്ക് കാറിൽ വെച്ച് വീഞ്ഞും ആസ്പിരിൻ എന്ന് കരുതിയ ഗുളികയും നൽകിയെന്ന് അവർ കോടതിയിൽ പറഞ്ഞു.
ഗുളിക കഴിച്ചതോടെ ബോധരഹിതയായ തന്നെ കോസ്ബി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് സ്വന്തം വീട്ടിൽ വെച്ച് ബോധം തെളിഞ്ഞപ്പോഴാണ് താൻ ക്രൂരമായി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത്. മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയതിനാൽ സമ്മതമില്ലാതെയാണ് ഈ പ്രവർത്തി നടന്നതെന്ന് ജൂറി കണ്ടെത്തി.
സംഭവം നടന്ന് അൻപത് വർഷം പിന്നിട്ടതിനാൽ സാധാരണഗതിയിൽ ഈ കേസിന് നിയമസാധുത ഉണ്ടാകുമായിരുന്നില്ല. എന്നാൽ #MeToo മുന്നേറ്റത്തിന്റെ ഭാഗമായി കാലിഫോർണിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമത്തിൽ വരുത്തിയ മാറ്റമാണ് ഡോണയ്ക്ക് തുണയായത്. പഴയകാലത്തെ ലൈംഗികാതിക്രമ പരാതികൾ ഫയൽ ചെയ്യാൻ ഇരകൾക്ക് അവസരം നൽകുന്ന പുതിയ നിയമം ഉപയോഗിച്ചാണ് 2023-ൽ അവർ കോടതിയെ സമീപിച്ചത്.
ഡസൻ കണക്കിന് സ്ത്രീകളാണ് ബിൽ കോസ്ബിക്കെതിരെ സമാനമായ പീഡന പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്. മറ്റൊരു പീഡനക്കേസിൽ മൂന്ന് വർഷത്തോളം പെൻസിൽവാനിയയിൽ തടവിൽ കഴിഞ്ഞ കോസ്ബി, 2021-ൽ സാങ്കേതിക കാരണങ്ങളാൽ കേസ് റദ്ദാക്കപ്പെട്ടതിനെ തുടർന്നാണ് ജയിൽ മോചിതനായത്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കോസ്ബി നിഷേധിക്കുന്നുണ്ടെങ്കിലും, 2022-ലും സമാനമായ മറ്റൊരു സിവിൽ കേസിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.



