ബംഗളൂരു: ബംഗളൂരുവിൽ വീടിന് സമീപം പാർക്ക് ചെയ്ത കാർ രാജസ്ഥാനിൽ കണ്ടെത്തി. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി ഹരിഭജൻ (24) പിടിയിലായി. ഏകദേശം എട്ട് ലക്ഷം രൂപ വിലമതിക്കുന്ന വാഹനം ബാലാജി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.
വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ വിൻഡോ ഗ്ലാസും വിൻഡോഷീൽഡും തകർത്ത ശേഷം ഹരിഭജൻ വയറുകൾ നേരിട്ട് ബന്ധിപ്പിച്ചാണ് സ്റ്റാർട്ട് ചെയ്ത് കടത്തിക്കൊണ്ടുപോയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ ബാർമറിൽ നിന്ന് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഹരിഭജന്റെ കുടുംബം മുന്പും നിരവധി വാഹന മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ബംഗളൂരു പോലുള്ള നഗരങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് രാജസ്ഥാനിലെത്തിച്ച് രേഖകളില്ലാതെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് പറഞ്ഞു.



