കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ യുവതിയെ കാണിക്കും. പ്രതിയായ അഗളി സ്വദേശിയുടെ പേര് വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുഖം മറച്ച രീതിയിലാണ് പ്രതിയെ കൊണ്ടുവന്നത്.
തിരിച്ചറിയല്‍ പരേഡിന് ശേഷമാകും പ്രതിയുടെ മുഖവും വിവരങ്ങളും പുറത്തുവിടുക. കൃത്യത്തിന് ശേഷം പ്രതി അഗളിയിലേക്ക് പോവുകയായിരുന്നു. അഗളിയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന ഇയാളെ സാഹസികമായാണ് പിടികൂടിയത്. പ്രതിയുടെ ലക്ഷ്യം യുവതിയെ ലൈംഗികമായി ഉപദ്രവിക്കല്‍ ആയിരുന്നുവെന്ന് കൊച്ചി ഡിസിപി ഷഹന്‍ഷ വ്യക്തമാക്കിയിരുന്നു.
കൊച്ചിയില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രതിക്ക് പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മാര്‍ച്ച് 15ന് ആയിരുന്നു കളമശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപം റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്ക് പോയ കണ്ണൂര്‍ സ്വദേശിയായ യുവതി ആക്രമണത്തിന് ഇരയായത്.
എച്ച്എംടി ജംഗ്ഷനില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയുടെ തലയില്‍ മുണ്ടിട്ട് മൂടി റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണമാലയും ഫോണും കവര്‍ന്നു. 200ല്‍ ഏറെ സിസിടിവികള്‍ പരിശോധിച്ചും ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ ടവറുകളും പരിശോധിച്ചാണ് അഗളി സ്വദേശിയിലേക്ക് പോലീസ് എത്തിയത്.
പ്രതി പത്തടിപ്പാലത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. യുവതിയില്‍ നിന്നും കവര്‍ന്ന ഒരു പവന് സ്വര്‍ണമാലയും കമ്മലും കണ്ടെത്താനായിട്ടില്ല. യുവതിയുടെ മൊബൈല്‍ കണ്ടെടുത്തു. ബലാത്സംഗ ശ്രമം അടക്കം നടന്നതിനാല്‍ ഈ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.



