പത്തനംതിട്ട: മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുന്ന നയമായിരിക്കും സ്വീകരിക്കുകയെന്ന് 2016ലും 2021ലും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിയ എല്‍ഡിഎഫ്, അധികാരം ലഭിച്ചപ്പോള്‍ കേരളത്തില്‍ വ്യാപകമായി മദ്യം ഒഴുക്കുകയാണുണ്ടായതെന്ന് കേരള മദ്യനിരോധന സമിതി.

വ്യാപകമായി ബാറുകളും ബെവ്‌കോ ഔട്ട്‌ലറ്റുകളും തുറന്ന്, മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം കേരളത്തെ മദ്യത്തില്‍ മുക്കി. മദ്യ വിഷയത്തില്‍ എല്‍ഡിഎഫ് കേരളത്തോടുചെയ്തത് കടുത്ത വഞ്ചനയാണെന്നും മദ്യനിരോധന സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന മദ്യനിയന്ത്രണാധികാരം തിരിച്ചെടുത്തും മദ്യശാലകള്‍ പാലിക്കേണ്ട ദുരവ്യവസ്ഥ ലഘൂകരിച്ചും എവിടെയും തടസമില്ലാതെ മദ്യക്കട തുറക്കുവാന്‍ സൗകര്യമൊരുക്കിയ സര്‍ക്കാര്‍, ചോദിച്ചവര്‍ക്കെല്ലാം ബാര്‍ അനുവദിച്ചു.

ഞങ്ങള്‍ തുറക്കുന്നത് ബാറുകളല്ല, സ്‌കൂളുകളാണ് എന്ന് പരസ്യം നല്കി വോട്ട് നേടിയ എല്‍ഡിഎഫ്, പത്തു വര്‍ഷത്തെ ഭരണത്തിനിടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 30 ഇരട്ടിയാക്കി. 2016-ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേല്ക്കുമ്പോള്‍ 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോഴുള്ളത് 884 ബാറുകളാണ്.

അബ്കാരികള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മാറ്റിക്കൊടുത്തും നിയമലംഘനത്തിനെതിരേ കണ്ണടച്ചും സര്‍ക്കാരും എല്‍ഡിഎഫും മദ്യലോബിക്ക് കൂട്ടുനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ പ്രധാനവരുമാന മാര്‍ഗമായി മദ്യക്കച്ചവടം മാറിയിട്ടുണ്ട്. ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടിയതു തന്നെ ചില പ്രത്യുപകാര നടപടികളാണെന്ന് മദ്യനിരോധന സമിതി കുറ്റപ്പെടുത്തി.

ടൂറിസം ശക്തമാക്കാന്‍ വേണ്ടി കൂടുതല്‍ ബാറുകള്‍ അനുവദിച്ചുവെന്നു പറയുമ്പോള്‍ അനുഭവം മറ്റൊന്നാണ്. 712 ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന 2013-14 വര്‍ഷത്തേക്കാള്‍, 1,15053 വിദേശ ടൂറിസ്റ്റുകളും 14,77124 തദ്ദേശ ടൂറിസ്റ്റുകളും 20 ബാറുകള്‍ മാത്രം പ്രവര്‍ത്തിച്ച 2015-16 ല്‍ കേരളം സന്ദര്‍ശിച്ചു. 4,774 കോടി രൂപയുടെ അധിക വരുമാനവും ഇക്കാലത്ത് ടൂറിസത്തിലൂടെ സംസ്ഥാനത്തിനുണ്ടായി.

നാടെങ്ങും മദ്യമൊഴുക്കി, കുടുംബം തകര്‍ത്ത എല്‍ഡിഎഫിന് വോട്ടില്ല
എന്ന സന്ദേശവുമായി കേരള മദ്യനിരോധനസമിതി സംസ്ഥാന ജാഥ 26നു പത്തനംതിട്ട ജില്ലയില്‍
പര്യടനം നടത്തും. തിരുവല്ല ബസ് സ്റ്റാന്‍ഡിനു സമീപം ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത രാവിലെ ഒന്പതിന് പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും.

11ന് റാന്നി ഇട്ടിയപ്പാറ, 12.30ന് കോന്നിബസ് സ്റ്റാന്‍ഡ്, മൂന്നിന് അടൂര്‍ ഗാന്ധി സ്‌ക്വയര്‍, അഞ്ചിന് ആറന്മുള എന്നിവിടങ്ങളിലെത്തുന്ന ജാഥ വൈകുന്നേരം 6.30ന് പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ സമാപിക്കും.

ജില്ലാ ഭാരവാഹികളായ ഡോ.ജോസ് പാറക്കടവില്‍, റവ.ഡോ. ടി.ടി. സഖറിയ, ഫാ. സാം പി. ജോര്‍ജ്, ജി. വേണുക്കുട്ടന്‍, വിന്‍സി സഖറിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.