കണ്ണൂർ: പോലീസുകാരന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ നടന്ന സംഭവത്തിൽ കോളയാട് സ്വദേശി കെ.രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി.ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.
രാഹുൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീനെ കൊലപ്പെടുത്തിയക്കേസിൽ പ്രതിയാണ്. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. എന്നാൽ ബോംബ് പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.



