കോവളം: മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും കവർച്ച നടത്തി പിടിയിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാൻ(46) ആണ് പിടിയിലായത്. കോവളം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
പിടിയിലായ പ്രതി പോലീസിന് നൽകിയ മൊഴിയാണ് കൗതുകമുണർത്തുന്നത്. വീണ്ടും ജയിലിലേക്ക് പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് മോഷണം നടത്തിയതെന്നാണ് പിടിയിലായ ദിലീപ് ഖാൻ പോലീസിന് നൽകിയ മൊഴി.
ജയിലിൽ സൗജന്യ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.
ഹാർബർ റോഡിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് 40,000 രൂപയും, മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിൽ നിന്ന് 4000 രൂപയും മൊബൈൽ ഫോണും കവർന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇതുകൂടാതെ വിഴിഞ്ഞം-കോവളം മേഖലയിൽ നിന്നായി 21ൽ അധികം മോഷണങ്ങൾ നടത്തിയിട്ടുള്ളതായും പ്രതി മൊഴി നൽകി.



