സംസ്ഥാനത്തെ സ്വർണ്ണവിലയിൽ അമ്പരപ്പിക്കുന്ന ഏറ്റക്കുറച്ചിലുകൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. രാവിലെ വൻ ഇടിവ് രേഖപ്പെടുത്തിയ വിപണി ഉച്ചയ്ക്ക് ഒരു ലക്ഷത്തിന് താഴേക്ക് ഇറങ്ങി ഞെട്ടിച്ചു. എന്നാൽ മണിക്കൂറുകൾക്കകം ആ ആശ്വാസത്തെ ഇല്ലാതാക്കിയാണ് വില വീണ്ടും കുതിച്ചുയർന്നത്.  അതിന് പിന്നാലെ രാത്രിയിൽ വിപണിയിൽ വീണ്ടും മാറ്റം. വില വീണ്ടും താഴോട്ട്. ഇതിന് പിന്നാലെയാണ് ഇന്നും സ്വർണവിലയിലെ ഇടിവ്.

ഈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വിപണിയിൽ പ്രകടമായ ഈ തിരുത്തലുകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

2160 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.  ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,02,920 രൂപയിലെത്തി. ഗ്രാമിന് 12,865 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണ്ണവിലയിൽ വരും ദിവസങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം. സമീപകാലത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നിരുന്നത്