മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഒരു കുരങ്ങന്റെ കഴുത്തിലും താടിയെല്ലിലും അന്പ് തുളച്ചുകയറിയതായി കണ്ടെത്തി. നാല് ദിവസത്തിനുള്ളിൽ ഈ പ്രദേശത്തെ രണ്ടാമത്തെ ആക്രമണമാണിത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ ബോണറ്റ് മക്കാക് ഇനത്തിൽപ്പെട്ട കുരങ്ങനെ സമീപവാസികളാണ് ആദ്യം കാണുന്നത്. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ 10 മിനിറ്റിനുള്ളിൽ കുരങ്ങനെ പിടികൂടി ആശുപത്രിയിൽ എത്തിച്ചു.
കഴുത്തിലൂടെ തുളച്ചുകയറിയ അന്പ് താടിയെല്ലിന് സമീപത്തുകൂടിയാണ് പുറത്തേക്ക് പോയത്. ഐസിയുവിലേയ്ക്ക് മാറ്റിയിരിക്കുന്ന കുരങ്ങൻ മൃഗ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
വേട്ടക്കാരന്റെ ആക്രമണമാകാം ഇതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടന്നുവരികയാണ്.
നാല് ദിവസങ്ങൾക്കു മുന്പും ഒരു കുരങ്ങനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. ആ സംഭവത്തിൽ കുരങ്ങന്റെ വയറ്റിലായിരുന്നു അമ്പ് തുളച്ചുകയറിയത്.



