കൊച്ചി: വെള്ളപ്പള്ളി നടേശനെയും എസ്എന്‍ഡിപി ഭാരവാഹികളെയും അയോഗ്യരാക്കിയ ഹൈക്കോടതി ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ആണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. കേസിലെ എതിര്‍കക്ഷികള്‍ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

അന്തിമ വിധി ഉണ്ടാകുന്നത് വരെ വെള്ളാപ്പള്ളി അടക്കമുള്ള ഭാരവാഹികള്‍ക്കു തത്‌സ്ഥാനത്തു തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി നിയമത്തിലെ ലംഘനം ചൂണ്ടിക്കാട്ടി ആയിരുന്നു എസ്എന്‍ഡിപി ഭാരവാഹികളെ അയോഗ്യരാക്കി ജസ്റ്റീസ് ടി.ആര്‍. രവി വിധി പറഞ്ഞത്.

എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക വിധി. ഈ ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. അടിന്തരമായി സ്റ്റേയുടെ ആവശ്യമില്ലെന്ന് ആയിരുന്നു അപ്പീല്‍ പരിഗണിച്ച് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ വ്യാഴാഴ്ച നിരീക്ഷിച്ചിരുന്നത്.