ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം 1970-ക​ളി​ലേ​ക്കാ​ൾ വ​ലി​യൊ​രു ഊ​ർ​ജ പ്ര​തി​സ​ന്ധി​യി​ലേ​ക്കു ലോ​ക​ത്തെ എ​ത്തി​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്‌ട്ര ഊ​ർ​ജ ഏ​ജ​ൻ​സി (ഐ​ഇ​എ) മേ​ധാ​വി ഫാ​ത്തി ബി​റോ​ൾ. ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ സ്ഫോ​ട​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ബി​റോ​ളി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഓ​സ്ട്രേ​ലി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​റോ​ൾ. അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഉ​പ​രോ​ധി​ച്ച​താ​ണു നി​ല​വി​ലെ കടുത്ത പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണം. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

യു​ദ്ധം ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യി. ബ്രെ​ന്‍റെ ക്രൂ​ഡ് ഓ​യി​ലി​നു നി​ല​വി​ൽ ബാ​ര​ലി​ന് 111 ഡോ​ള​റി​നു മു​ക​ളി​ലാ​ണു വി​ല. യു​ദ്ധം തു​ട​ങ്ങു​ന്ന സ​മ​യ​ത്ത് 70 ഡോ​ള​റാ​യി​രു​ന്ന എ​ണ്ണ​വി​ല ക​ഴി​ഞ്ഞ ആ​ഴ്ച 119 ഡോ​ള​ർ വ​രെ എ​ത്തി​യി​രു​ന്നു. ഉത്പാ​ദ​ന​ത്തെ​യും ക​പ്പ​ൽ ഗ​താ​ഗ​ത​ത്തെ​യും യു​ദ്ധം സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ള്ള​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും വി​പ​ണി​യി​ൽ വ​ലി​യ അ​നി​ശ്ചി​ത​ത്വം തു​ട​രു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, ഇ​റാ​ൻ തൊ​ടു​ത്തു​വി​ട്ട മി​സൈ​ലു​ക​ൾ ദ​ക്ഷി​ണ ഇ​സ്ര​യേ​ലി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​തി​ച്ചു. ഇ​സ്രയേ​ലി​ന്‍റെ പ്ര​ധാ​ന ആ​ണ​വ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 160ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

നാ​ലാം വാ​ര​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന യു​ദ്ധ​ത്തി​ൽ ഇ​റാ​നി​ൽ 1,500-ല​ധി​കം പേ​രും ലെ​ബ​ന​നി​ൽ ആ​യി​ര​ത്തോ​ളം പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. യു​എ​സ് സൈ​നി​ക​രും ഇ​സ്ര​യേ​ൽ പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പലാ​യ​നം ചെ​യ്തി​ട്ടു​ണ്ട്.