കേരളത്തിന്റെ മധ്യതിരുവിതാംകൂറിൽ സ്ഥിതി ചെയ്യുന്ന തിരുവല്ല നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് അങ്ങനെ പെട്ടെന്ന് വഴങ്ങുന്ന ഒരു മണ്ഡലമല്ല. പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന തിരുവല്ല മണ്ഡലം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ കൂടി ഭാഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ചിഹ്നത്തേക്കാൾ ഇവിടെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കാണ് പലപ്പോഴും വോട്ട് ലഭിക്കുന്നത്. പ്രത്യേകിച്ച്, പ്രതിസന്ധി ഘട്ടങ്ങളിലെ സാന്നിധ്യം വോട്ടർമാർക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയും.
2006 മുതല്‍ തുടര്‍ച്ചയായി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെഡിഎസിലെ മാത്യു ടി. തോമസാണ് ഇവിടത്തെ എംഎല്‍എ. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റായ മാത്യു ടി.തോമസ് എം.എൽ.എ ഇത്തവണയും തിരുവല്ല അസംബ്ലി മണ്ഡലത്തിൽ പോരിനിറങ്ങുന്നുണ്ട്. മാത്യു ടി. തോമസ് 1987-ലാണ് തിരുവല്ലയിൽ നിന്ന് ആദ്യം നിയമസഭയിലെത്തുന്നത്. പിന്നീട് 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. യുഡിഎഫിന്റെ അഡ്വ. വര്‍ഗീസ് മാമ്മന്‍, എന്‍ഡിഎയുടെ അനൂപ് ആന്റണി എന്നിവരാണ് മാത്യു ടി. തോമസിന്റെ ഇത്തവണത്തെ എതിരാളികള്‍.



